രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു; പത്രികാ സമര്‍പ്പണം ഇന്നു മുതല്‍

single-img
14 June 2017

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. ഇതോടെ രാജ്യത്തെ 13ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. തെരഞ്ഞെടുപ്പിനായുള്ള പത്രിക ഇന്നു മുതല്‍ സമര്‍പ്പിച്ചു തുടങ്ങാം.

ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ യോഗ്യരായ, 35 വയസ്സ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും മല്‍സരിക്കാനായി പത്രിക നല്‍കാം. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വോട്ടവകാശമുള്ള 50 പേര്‍ നിര്‍ദേശിക്കുകയും 50 പേര്‍ പിന്താങ്ങുകയും വേണം.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 28 ആണ്. പത്രികകളുടെ സൂക്ഷമ പരിശോധന 29 ന് നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തീയതി ജൂലൈ ഒന്നാണ്. തിരഞ്ഞെടുപ്പ് ജൂലൈ 17നും, വോട്ടെണ്ണല്‍ 20 നും നടക്കും.

ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍. സംസ്ഥാനങ്ങളില്‍ അതത് നിയമസഭാ സെക്രട്ടറിമാര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാകും. നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.