സൈന്യത്തിന്റെ ശിക്ഷണത്തില്‍ കാശ്മീരില്‍ 9 കുട്ടികള്‍ ഐ.ഐ.ടിയിലേക്ക്

single-img
14 June 2017

ഡല്‍ഹി: സംഘര്‍ഷഭരിതമായ കാശ്മീര്‍ താഴ്‌വരയില്‍, ഭീകരര്‍ക്ക് നേരെ തോക്കെടുക്കുക മാത്രമല്ല ഇന്ത്യന്‍ സൈന്യം ചെയ്യുന്നത്. താഴ്‌വരയിലെ വിദ്യാര്‍ത്ഥികളെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ പരിശീലനം നല്‍കി വിജയിപ്പിച്ച് മാതൃക കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. കാശ്മീരില്‍ നിന്നുള്ള സൂപ്പര്‍ 40 എന്നു പേരിട്ട ബാച്ചില്‍ നിന്നും 9 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എഞ്ചീനീറിംഗ് പ്രവേശന മത്സര പരീക്ഷയായ ജെഇഇ എന്‍ട്രന്‍സിലെ അഡ്വാന്‍സ്ഡ് പരീക്ഷ പാസ്സാകുകയും ഐഐറ്റിയില്‍ പ്രവേശനം നേടുകയും ചെയ്തിരിക്കുന്നത്.

കാശ്മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഇന്ത്യന്‍ ആര്‍മി മൂന്ന് വര്‍ഷത്തെ പരിശീലനത്തിലൂടെയാണ് സൂപ്പര്‍ 40 ബാച്ചില്‍ നിന്നും വിദ്യാര്‍ത്ഥികളെ ജെഇഇ കടമ്പ കടക്കാന്‍ സജ്ജരാക്കിയത്. സൂപ്പര്‍ 40 ബാച്ചില്‍ 26 ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമടക്കം 28 പേര്‍ ജെഇഇ മെയിന്‍ പരീക്ഷയില്‍ വിജയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ 5 പേര്‍ പരീക്ഷ എഴുതാതെ പോവുകയായിരുന്നു. ഇതാദ്യമായാണ് കാശ്മീരില്‍ നിന്നും അഞ്ചു പെണ്‍കുട്ടികള്‍ പരിശീലനത്തിനായി പങ്കെടുത്ത ബാച്ചില്‍ നിന്നും രണ്ടു പേര്‍ ജെഇഇ മെയിന്‍സ് നേടുന്നത്. ഇവര്‍ക്ക് ഡെല്‍ഹിയിലെ തന്നെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും ജാമിയ ഹമ്ദാര്‍ദ് യൂണിവേഴ്‌സിറ്റിയിലുമാണ് എന്‍ജീനീറിംഗ് കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്.

ആര്‍മി തങ്ങളുടെ ട്രെയിനിംഗ് പാര്‍ട്‌നറായ സിഎസ്എല്‍ആര്‍ പെട്രോനെറ്റ് എല്‍എന്‍ജി എന്നിവരുടെ സഹകരണത്തോടെയാണ് ശ്രീനഗറില്‍ അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് വിജയവും നേട്ടവും കൈവരിക്കുന്നതിനായി പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 30 വിദ്യാര്‍ത്ഥികളില്‍ 25 വിദ്യാര്‍ത്ഥികള്‍ ജെഇഇ മെയിന്‍സ് നേടിയപ്പോള്‍ ഇവരില്‍ 7 പേര്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ പാസ്സായിരുന്നു.