വിഴിഞ്ഞം കരാര്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സുധീരന്‍, എതിര്‍ത്ത് മുരളീധരന്‍; രാഷ്ട്രീയകാര്യ സമിതിയില്‍ തര്‍ക്കം

single-img
13 June 2017

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ ചൊല്ലി കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചക്കിടെ വാക്ക് പോര്. വിഴിഞ്ഞം കരാറിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടില്ലെന്ന് വിഎം സുധീരനും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ തള്ളി കെ മുരളീധരനും സംസാരിച്ചു. പാര്‍ട്ടി വേദിയില്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും വിഴിഞ്ഞം കരാര്‍ ഉയര്‍ത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്കു മുന്നില്‍ വോട്ട് ചോദിച്ചതെന്നും അതിന്റെ ഫലം തിരുവനന്തപുരത്തുണ്ടായെന്നും മുരളീധരന്‍ തുറന്നടിച്ചു. അതേസമയം, വിഴിഞ്ഞം കരാര്‍ എറ്റവും മികച്ചത് എന്നാണ് സമിതിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നത്. വിഎം സുധീരന്‍ മാത്രമാണ് കരാര്‍ പാര്‍ട്ടിവേദിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്ന ഒറ്റ അഭിപ്രായം പറഞ്ഞത്.

വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് കെപിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. ഇന്ന് നടന്ന യുഡിഫ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്രമക്കേടുണ്ടെങ്കില്‍ ഒരു പൈസപോലും കൊടുക്കാതെ കരാര്‍ റദ്ദു ചെയ്യാനുള്ള വകുപ്പ് പദ്ധതിയിലുണ്ടെന്നും ഇതിന് മുതിരാതെ കരാറില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിയുടെ നയം ഇരട്ടത്താപ്പാണെന്നും എംഎം ഹസന്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിഴിഞ്ഞവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.