രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ പോലീസ് അവഗണിച്ചു; ശ്രീവത്സം ഗ്രൂപ്പ് വളര്‍ന്ന് പന്തലിച്ചു

single-img
13 June 2017

ആലപ്പുഴ: നാഗാലന്‍ഡിലെ മുന്‍ അഡീഷനല്‍ എസ്പി എം.കെ.ആര്‍. പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു രണ്ടു വര്‍ഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പൊലീസ് അവഗണിച്ചുവെന്ന് ആരോപണം. മാത്രമല്ല, ഇന്റലിജന്‍സ് സംശയം ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയതുമില്ല. നിലവില്‍ പിള്ളയുടെ വീട്ടില്‍ ആദായവകുപ്പ് നടത്തിയ റെയിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ദോഷകരമായ ഇടപാടുകള്‍ ശ്രീവല്‍സം ഗ്രൂപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് വീണ്ടും അന്വേഷിക്കുകയാണ്.

നിലവില്‍ നാഗാലാന്റ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന എംകെആര്‍ പിള്ളയുടെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും നടന്ന റെയ്ഡുകളില്‍ 400 കോടി രൂപയുടെ ആസ്തി വിവരങ്ങളാണ് ആദായനികുതി വകുപ്പിന് കണ്ടെത്താനായത്. ഡല്‍ഹിയില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫ്‌ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും, മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയും മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിയിടപാട് നടത്തിയതായും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ സമയത്ത് 50 കോടി രൂപയുടെ കള്ളപ്പണം പിള്ള വെളിപ്പെടുത്തിയിരുന്നു.

നാഗാലാന്‍ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ ചേര്‍ന്ന എംകെആര്‍ പിള്ള അഡീ. എസ്പിയായാണു വിരമിച്ചത്. നാഗാലാന്റ് പോലുള്ള സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ കേന്ദ്രം അനുവദിച്ചിരുന്നു. ഇത്തരം ഫണ്ടുകള്‍ സംസ്ഥാന സര്‍വീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രീവല്‍സം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളില്‍ നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനകള്‍ നടന്നത്.

പത്ത് വര്‍ഷത്തിലധികമായി പൊലീസ് ട്രക്കിലാണ് നാഗാലന്‍ഡില്‍നിന്നും പന്തളത്തേക്ക് സാധനങ്ങള്‍ കടത്തിയിരുന്നത്. കറന്‍സിയും സ്വര്‍ണവുമുള്‍പ്പെടെ പൊലീസ് സുരക്ഷയോടെ എത്തിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം. വീട്ടുമുറ്റത്ത് നാഗാലന്‍ഡ് പൊലീസിന്റെ ട്രക്ക് കണ്ടെത്തിയതോടെ പതിവായി സാധനങ്ങള്‍ കടത്തിയിരുന്നുവെന്ന് വ്യക്തമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവിധ ജില്ലകളിലായി ഹോട്ടലുകള്‍, വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ എന്നിവ ശ്രീവല്‍സം ഗ്രൂപ്പ് സ്വന്തമാക്കിക്കഴിഞ്ഞു. കൂടാതെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോടികളുടെ നിക്ഷേപം ഇവര്‍ക്കുണ്ട്.

രണ്ടു വര്‍ഷം മുമ്പാണ് ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസിനു ആദ്യമായി രഹസ്യ വിവരം ലഭിക്കുന്നത്. നാഗാലാന്‍ഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് പണം കടത്തുന്നുവെന്നായിരുന്നു ആരോപണം. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീവല്‍സം ഗ്രൂപ്പിന്റെ സംസ്ഥാനത്തെ പ്രവര്‍ത്തനം സംബന്ധിച്ചു കേരള പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുന്നത്. പ്രദേശത്തു നിന്നു ലഭിച്ച പരാതിയില്‍ തുടരന്വേഷണം നടത്തിയതു വഴിയാണ് നാഗാലാന്‍ഡ് വാഹനങ്ങള്‍ സ്ഥിരമായി പന്തളത്തു വന്നു പോകുന്നുവെന്ന് കണ്ടെത്തുന്നത്.

തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും പരാതിയിലെ വിവരങ്ങള്‍ ശരിയാണെന്നു കണ്ടെത്തുകയും ചെയ്തു. നാഗാലാന്‍ഡ് പൊലീസിന്റെ വാഹനങ്ങളില്‍ എന്തു കടത്തുന്നുവെന്നു കണ്ടെത്തുകയായിരുന്നു ഇന്റലിജന്‍സ് അന്വേഷണത്തിന്റെ ലക്ഷ്യം. എന്നാല്‍ അതിന് കഴിഞ്ഞില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നതാണ് സത്യം. വിശദമായ അന്വേഷണത്തിനു ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അന്ന് പാതിവഴിയിലവസാനിച്ച അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങിയത്.

അതേസമയം എം.കെ.ആര്‍.പിള്ളയുമായി ഹരിപ്പാട്ടെ സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതാനും അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഹരിപ്പാട് ഏരിയ കമ്മറ്റിയോട് പ്രാദേശിക നേതാക്കളുടെ ബന്ധം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകും.