എസ് എഫ് ഐ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിൽ വെട്ടിനിരത്തൽ : ടി പി ശ്രീനിവാസന്റെ കരണത്തടിച്ചയാൾ വൈസ് പ്രസിഡന്റ്

single-img
13 June 2017

സി പി എമ്മിന്റെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിലെ വിഭാഗീയത എസ് എഫ് ഐയിലേയ്ക്കും പടരുന്നു. എസ് എഫ് ഐയുടെ തിരുവനന്തപുരം ജില്ലാസമ്മേളനം ഞായറാഴ്ച്ച വർക്കലയിൽ സമാപിച്ചപ്പോൾ വിഭാഗീയതയും വെട്ടിനിരത്തലുമടക്കം നിരവധി ആരോപണങ്ങളാണു അണികൾക്കിടയിൽ നിന്നും ഉയർന്നത്.

രാഹിൽ ആർ നാഥ്

അണികൾക്കിടയിൽ സ്വീകാര്യതയുണ്ടായിരുന്ന പല നേതാക്കളേയും ജില്ലാക്കമ്മിറ്റിയിൽ നിന്നും പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ ഒഴിവാക്കുകയും മറ്റുപലരേയും കൂട്ടിച്ചേർക്കുകയും ചെയ്തതായാണു ആരോപണങ്ങൾ. എസ് എഫ് ഐ ജില്ലാ പ്രസിഡണ്ടായിരുന്ന രാഹിൽ ആർ നാഥ്, സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ ശിവപ്രസാദ്, നിയാസ് എന്നിവരെയാണു പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാക്കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.

ഇത്തരത്തിൽ വെട്ടിനിരത്തൽ നടത്തിയതിനു പിന്നിൽ സി പി എം സംസ്ഥാനക്കമ്മിറ്റിയംഗവും എം എൽ ഏയുമായ വി ശിവൻകുട്ടിയാണെന്നാണു ആരോപണം. രാഹിൽ ആർ നാഥിനെ കമ്മിറ്റിയിൽ നിലനിർത്തണമെന്നു ഭൂരിപക്ഷം ജില്ലാക്കമിറ്റിയംഗങ്ങളും അഭിപ്രായപ്പെട്ടെങ്കിലും, അദ്ദേഹത്തെ ഒഴിവാക്കുന്നത് പാർട്ടി തീരുമാനമാണ് എന്ന് പറഞ്ഞുകൊണ്ട് വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ നിശബ്ദരാക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.

പ്രതിൻ സാജ് കൃഷ്ണ

മുൻ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിയായിരുന്ന പ്രതിൻ സാജ് കൃഷ്ണയാണു പുതിയ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറി. ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളജിൽ നിന്നും ബിടെക് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ അഡ്മിഷൻ എടുത്തെങ്കിലും പിന്നീട് അകാരണമായി പഠനം മുടക്കിയ പ്രതിൻ ഈയടുത്ത് ലോ അക്കാദമിയിൽത്തന്നെ റീ അഡ്മിഷൻ എടുത്തിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അഡ്മിഷൻ എടുത്ത പ്രതിൻ സർവ്വകലാശാലയിലെ സെനറ്റ് അംഗമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. സർവ്വകലാശാലയിൽ ലോ അക്കാദമിയിൽ നിന്നും ഒരു സിൻഡിക്കേറ്റ് മെമ്പറെ സൃഷ്ടിച്ചശേഷം അക്കാദമിയ്ക്കെതിരേയുള്ള കേസുകൾ ഒത്തുതീർപ്പാക്കുവാൻ വേണ്ടിയുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു ഈ റീ അഡ്മിഷൻ എന്നും ആരോപണങ്ങളുണ്ട്.

പുതിയ ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട വിനീഷ് , ജില്ലാ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ജെ എസ് ശരത് തുടങ്ങിയവർ വി ശിവൻകുട്ടിയുടെ പിന്തുണയുള്ള ഗ്രൂപ്പിന്റെ ഭാഗമാണു. ഇതിൽ ശരത്, ഉന്നത വിദ്യാഭ്യാസ കൌൺസിൽ മുൻ വൈസ് ചെയർമാനും വിദേശകാര്യവിദഗ്ദ്ധനുമായിരുന്ന ടിപി ശ്രീനിവാസനെ കരണത്തടിച്ച കേസിലെ പ്രതിയായിരുന്നു. സദാചാരപോലീസിംഗിന്റെ പേരിൽ ആരോപണവിധേയമായ യൂണിവേഴ്സിറ്റി കോളജ് വിഭാഗത്തിന്റെ പിന്തുണയുള്ളയാളാണു ശരത്. യൂണിവേഴ്സിറ്റി കോളജിന്റെ ചുമതലയുള്ള നേതാവ് ഇയാളായിരുന്നു. ജില്ലാസമ്മേളനത്തിൽ,  യൂണിവേഴ്സിറ്റി കോളജിൽ ഈയടുത്തകാലത്തുനടന്ന സദാചാരപോലീസിംഗ് സംഭവങ്ങളെ വിമർശിക്കുന്ന ചർച്ചകളെ മുഖവിലയെക്കെടുത്തില്ലെന്നും ആരോപണമുണ്ട്.

ശിവപ്രസാദ്

ഇവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ തുടരാൻ വിമുഖത പ്രകടിപ്പിച്ച സംസ്ഥാനക്കമ്മിറ്റിയംഗങ്ങളടക്കമുള്ളവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഒഴിവാക്കപ്പെട്ടവരിൽ ഒരാളായ ശിവപ്രസാദ് സി പി എമ്മിന്റെ രക്തസാക്ഷിയായ നാരായണൻ നായരുടെ മകനാണു. 2014 നവംബർ അഞ്ചിനാണു ആർ എസ് എസ് പ്രവർത്തകരുടെ വെട്ടേറ്റ് ശിവപ്രസാദിന്റെ അച്ഛൻ നാരായണൻ നായർ മരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരനും കെ.സി.എസ്.യു. (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.  ബൈക്കുകളിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ 15 ഓളം പേർ ഉൾപ്പെട്ട സംഘം,  എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദിനെയും ,ഡി.വൈ.എഫ്.ഐ. ഏരിയാ കമ്മിറ്റിയംഗമായിരുന്ന ഗോപകുമാറിനേയും വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. അക്രമികളുടെ വാളുകൊണ്ടുള്ള ആക്രമണത്തിൽ നിന്ന് മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് നാരായണൻ നായർക്ക് വെട്ടേറ്റത്. ആക്രമണത്തിൽ ശിവപ്രസാദിനും ജ്യേഷ്ഠനായ ഗോപകുമാറിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളിലും സമരങ്ങളിലും സജീവസാന്നിദ്ധ്യമായ ശിവപ്രസാദിനെ ഒഴിവാക്കിയത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരാളായ നിയാസ് , സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഏറ്റവും കൂടുതൽക്കാലം ജയിൽ വാസമനുഭവിച്ചിട്ടുള്ള പ്രവർത്തകരിൽ ഒരാളാണു.

രാഹിൽ ആർ കൃഷ്ണ, ശിവപ്രസാദ്, നിയാസ് എന്നിവരെ അകാരനമായ ഒഴിവാക്കിയ പാർട്ടിനടപടിയിൽ പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണു. സമൂഹമാധ്യമങ്ങളിലും മറ്റും ഇവരെ പിന്തുണയ്ക്കുന്ന നിരവധി പോസ്റ്റുകൾ പ്രത്യക്ഷപെട്ടിട്ടുണ്ട്. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയും പക്ഷപാതിത്വവും സൃഷ്ടിച്ച പിളർപ്പ് സംഘടനയുടെ ജില്ലയിലെ പ്രവരത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണു ലഭിക്കുന്ന വിവരം.

വർക്കലയിൽ നടന്ന എസ് എഫ് ഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസ്, കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ അഥീന സതീഷ്, വി ജോയി, എം എൽ ഏ വി ശിവൻ കുട്ടി, സി പി എം സംസ്ഥാനസെക്രട്ടറിയേറ്റംഗം ബി പി മുരളി തുടങ്ങി നിരവധിപേർ പങ്കെടുത്തു.