ഖത്തറില്‍ പാല്‍ കിട്ടാനില്ല; വിമാനത്തില്‍ പശുക്കളെ എത്തിക്കാന്‍ നീക്കം

single-img
13 June 2017

നയതന്ത്ര ഉപരോധത്തെ തുടര്‍ന്ന് ഖത്തറില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍. പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വരവ് ഖത്തറില്‍ നിലച്ചിരിക്കുകയാണ്. ഖത്തറിന്റെ വിപണിയില്‍ ശുദ്ധമായപാല്‍ ഇല്ലാത്ത സ്ഥിതിയാണ്. ഇതോടെ പാല്‍ക്ഷാമം പരിഹരിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പശുക്കളെ ഇറക്കുമതി ചെയ്യാനാണ് പുതിയ നീക്കം. ഒരു ബിസിനസ്സ് പ്രമുഖന്‍ 4000 പശുക്കളെ വിമാന മാര്‍ഗം ഖത്തറിലെത്തിക്കാനൊരുങ്ങുകയാണ് എന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും വിമാനമാര്‍ഗ്ഗം പശുക്കളെ ഖത്തറിലെത്തിക്കാനാണ് ഇദ്ദേഹം പദ്ദതിയിടുന്നത്.

ഇതിനായി ഖത്തര്‍ എയര്‍വേയ്‌സിന്റെ 60 വിമാനങ്ങളാണ് ഖത്തറിലെ പവര്‍ ഇന്റനാഷണലിന്റെ ചെയര്‍മാനായ മുതാസ് അല്‍ ഖയ്യാത്ത് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വിമാനമാര്‍ഗ്ഗം എത്തിക്കുന്ന പശുക്കള്‍ക്കായി ദോഹയുടെ വടക്ക് ഭാഗത്ത് വിശാലമായ പുല്‍കൃഷി നടത്തും. ഇതിനായി ഏകദേശം 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തീര്‍ണ്ണമുള്ള ഭൂമി സജ്ജമാക്കും. മുതാസിന്റെ ഫാമില്‍ നിന്നും ശുദ്ധമായ തയ്യാറെടുപ്പലുകളോടെ മെയ്ഡ് ഇന്‍ ഖത്തര്‍ പാല്‍ ഈ മാസം അവസാനം ഖത്തര്‍ വിപണിയിലെത്തും.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തില്‍ ഖത്തറിലേക്ക് പാല്‍ എത്തിക്കുന്നത് സൗദി ഉപരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാല്‍ ക്ഷാമം പരിഹരിക്കാന്‍ ഇദ്ദേഹം ഇത്തരത്തിലൊരു മാര്‍ഗ്ഗം തേടുന്നത്.