ഖത്തറില്‍ തൊഴില്‍ പ്രതിസന്ധി; പല മേഖലകളിലെയും ജീവനക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം

single-img
13 June 2017

ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു ശേഷമുള്ള പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. തൊഴില്‍ മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല മേഖലകളിലെയും ജീവനക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഖത്തര്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അതിര്‍ത്തി അടച്ചതോടെ ഖത്തറിലേക്കുള്ള ടണ്‍ കണക്കിന് ഭക്ഷ്യ വസ്തുക്കളുമായി നിരവധി ട്രക്കുകളും വാഹനങ്ങളുമാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഖത്തര്‍ കരമാര്‍ഗ്ഗം അതിര്‍ത്തി പങ്കിടുന്ന ഏകരാജ്യം സൗദിയാണെന്നിരിക്കെ ഭക്ഷ്യക്ഷാമം രൂക്ഷമായി ഖത്തറിനെ ബാധിച്ചേക്കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കരമാര്‍ഗ്ഗത്തിന് പുറമേ കടല്‍ വ്യോമ മാര്‍ഗ്ഗങ്ങളും സൗദി അടച്ചിരിക്കുകയാണ്. ഭക്ഷ്യ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തര്‍ മറ്റു രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും കാലിയായി. പാലും പഴച്ചാറുകളും തുര്‍ക്കിയില്‍ നിന്നും കിട്ടുന്നുണ്ടെങ്കിലും സൗദിയില്‍ നിന്നും യുഎഇ യില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വരാതായതോടെ ഖത്തറിന്റെ ഷെല്‍ഫുകള്‍ കാലിയാകുകയാണ്.

ഇതോടെ ഇവിടങ്ങളില്‍ജോലി ചെയ്യുന്ന തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഖത്തറിലുള്ള മറ്റു രാജ്യക്കാര്‍ ഖത്തര്‍ വിടുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്നും പലരും ബാങ്ക് അക്കൗണ്ടുകളും മറ്റും സ്വരാജ്യത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്. കൊറിയര്‍ കമ്പനി ജീവനക്കാരെയും ഒഴിവാക്കുന്നതായ്‌
റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്നും പ്രതിസന്ധി പരിഹരിച്ചു കഴിഞ്ഞാല്‍ തിരികെ വിളിക്കാം എന്നുമാണ് പല കമ്പനികളും ജീവനക്കാരോട് പറയുന്നത്.

അതേസമയം ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടരുന്നത് പ്രശ്‌നപരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്നാണ് സൂചന. കാര്യങ്ങള്‍ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്ന് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീര്‍ മുന്നറിയിപ്പ് നല്‍കി.