വ്യാഴാഴ്ച മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ഡീലര്‍മാരുടെ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ച് മന്ത്രി

single-img
13 June 2017

പെട്രോള്‍, ഡീസല്‍ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിന്‍വലിക്കുക, വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച മുതല്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുന്നു. സ്ഥിതി ഗുരുതരമാകുമെന്ന സൂചനയെ തുടര്‍ന്ന് ഡീലര്‍മാരുടെ സംഘടനകളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെ ചര്‍ച്ചക്ക് വിളിച്ചു. ഡീലര്‍മാരുടെ മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായി സമരരംഗത്തുള്ളതിനാല്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ തീരുമാനം നീട്ടിവെയ്ക്കാന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ബന്ധിതമായേക്കും എന്നാണ് സൂചന.

മാസത്തില്‍ രണ്ടു തവണ പെട്രോള്‍, ഡീസല്‍ വില അവലോകനം ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ മാസം 16 മുതല്‍ രാജ്യാന്തര വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ദിവസേന മാറ്റം വരുത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ദിവസവും അര്‍ധരാത്രി 12 മണിക്ക് കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനം വഴി വില പുതുക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ഇത് ഒട്ടും പ്രയോഗികമല്ലെന്ന് ഡീലര്‍മാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തിക നഷ്ടം വരുത്തും. കൂടാതെ, പ്രതിദിനം പുതുക്കിയ വില ലഭിക്കാന്‍ പുലരുവോളം കാത്തിരിക്കേണ്ടിയും വരും. വിലയിലെ വ്യക്തത ഉറപ്പില്ലാത്തതിനാല്‍ ഉപഭോക്താക്കളുമായി തര്‍ക്കങ്ങള്‍ക്ക് വഴിെവക്കുകയും ഇത് പമ്പുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.