ഒടുവില്‍ ലങ്ക വീണു, പാകിസ്ഥാന്‍ സെമിയില്‍

single-img
13 June 2017

കാര്‍ഡിഫ്: ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ സെമിഫൈനലില്‍. നാളെ നടക്കുന്ന സെമിഫൈനലില്‍ പാകിസ്ഥാന്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇന്നലെ കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 49.2 ഓവറില്‍ 236 റണ്‍സിന് ഓള്‍ ഔട്ടായി. പാകിസ്ഥാന്‍ 31 പന്തു ശേഷിക്കെ വിജയം കണ്ടു.

സ്‌കോര്‍ ശ്രീലങ്ക 49.2 / 236 പാകിസ്ഥാന്‍ 44.5 / 7 237. ചേസിംഗില്‍ നല്ല തുടക്കം കിട്ടിയെങ്കിലും ഇടയ്‌ക്കൊന്നു പതറിയ പാകിസ്ഥാനെ എട്ടാം വിക്കറ്റില്‍ വാലറ്റക്കാരന്‍ അമീറിന്റെ (28) പിന്തുണയോടെ പൊരുതി നയിച്ച നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് (61) വിജയത്തിലെത്തിച്ചത്. 36 പന്തില്‍ 50 റണ്‍സ് നേടിയ ഓപ്പണര്‍ ഫഖാര്‍ സമാന്റെ പ്രകടനവും കളിയില്‍ നിര്‍ണായകമായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനുവേണ്ടി, പേസ് ബൗളര്‍മാരായ മുഹമ്മദ് ആമിറിന്റെയും ജുനൈദ് ഖാന്റെയും മികച്ച സ്‌പെല്ലുകളാണ് ലങ്കയെ വീഴ്ത്തിയത്. ജുനൈദ് ഖാനും ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആമിര്‍ രണ്ടു വിക്കറ്റ് നേടി. ഓപ്പണര്‍ നിരോഷ് ഡിക്വെല്ലിയും(73) ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസും (39) മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചു നിന്നത്. നാലു വിക്കറ്റിന് 161 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്ന ലങ്കക്ക് ആറു റണ്‍സു കൂടി ചേര്‍ത്തപ്പോള്‍ നാലു വിക്കറ്റുകള്‍ തുടരെ നഷ്ടമായതാണ് കളിയുടെ നിര്‍ണായക വഴിത്തിരിവായത്.