കലാമിനെ പോലെ ശാസ്ത്രജ്ഞനാവണം; സ്വപ്‌നം പൂവണിയിക്കാന്‍ ‘സമൂസക്കാരന്‍ പയ്യന്‍’ ബോംബെ ഐഐടിയിലേക്ക്

single-img
13 June 2017

ഹൈദരാബാദ്: ഹൈദരാബാദിലെ കുകട്ടപ്പള്ളിയില്‍ രണ്ടുമുറി വീട്ടിലിരുന്ന് സമൂസയുണ്ടാക്കാന്‍ അമ്മയെ സഹായിക്കുമ്പോള്‍ വാബിലിസെട്ടി മോഹന്‍ അഭ്യാസ് എന്ന പതിനേഴുകാരന്‍ സ്വപ്‌നം കാണുകയായിരുന്നു. എപിജെ അബ്ദുള്‍ കലാം പറഞ്ഞതു പോലെ ആ സ്വപ്‌നം അവന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. ഒരു ശാസ്ത്രജ്ഞനായിത്തീരണം. വെറും ശാസ്ത്രജ്ഞനല്ല, അബ്ദുള്‍ കലാമിനെപ്പോലൊരു ശാസ്ത്രജ്ഞന്‍.. അതായിരുന്നു മോഹന്റെ ആഗ്രഹം.

അമ്മയും മോഹനും ചേര്‍ന്ന് സമൂസയുണ്ടാക്കും. അച്ഛന്‍ ആ സമൂസകള്‍ തെരുവില്‍ കൊണ്ട് പോയി വില്‍ക്കും. അതായിരുന്നു മോഹനും അച്ഛനും അമ്മയും സഹോദരിയും മുത്തശ്ശിയും ഉള്ള കുടുംബത്തിന്റെ ജീവനോപാധി. ഇപ്പോള്‍ അവന്റെ ആ കൊച്ചു വീട്ടിലേക്ക് ഒരു വലിയ വാര്‍ത്തയെത്തിയിരിക്കുന്നു. അഖിലേന്ത്യ എന്‍ജിനിയറിങ് പരീക്ഷയില്‍(ജെ ഇ ഇ) 64ാം റാങ്ക് കരസ്ഥമാക്കിയ മോഹന്‍ അഭ്യാസിന് ഇനി ബോംബെ ഐഐടിയില്‍ ചേരാം. അവന്റെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍…അച്ഛനെയും അമ്മയെയും സമൂസ നിര്‍മ്മാണത്തില്‍ സഹായിച്ചും ദിവസവും 10 മണിക്കൂര്‍ പഠനത്തിനായി സമയം കണ്ടെത്തുന്ന മോഹന്റെ കഠിനാധ്വാനം തന്നെയാണ് ഇതിനു പിന്നില്‍.

ഒരു ശാസ്ത്രജ്ഞനായിത്തീരണം. മാതാപിതാക്കളെ സഹായിക്കണം. എന്നിട്ടവര്‍ വിശ്രമിക്കട്ടെ അതാണ് തന്റെ ആഗ്രഹം മോഹന്‍ അഭ്യാസ് പറയുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ പോലുമെത്താത്ത കുടുംബത്തില്‍ ജനിച്ചതു കൊണ്ട് തന്റെ മകന്റെ പഠനം മുടങ്ങരുതെന്നാണ് മോഹന്റെ അച്ഛനും അമ്മയും ചിന്തിച്ചത്. അതിനാലാണ് ഭീമാവാരമെന്ന കൊച്ചു ഗ്രാമത്തില്‍ ജീവിച്ചിരുന്ന കുടുംബം മക്കളുടെ വിദ്യാഭ്യാസത്തിനായി ഹൈദരാബാദിലേക്ക് ചേക്കേറിയത്. സംസ്ഥാനത്തിലെ എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കയിട്ടുണ്ട് ഈ മിടുക്കന്‍.