മോദി-ട്രംപ് കൂടിക്കാഴ്ച: ഇന്ത്യ അമേരിക്ക ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കുമെന്ന് വൈറ്റ് ഹൗസ്

single-img
13 June 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വൈറ്റ്ഹൗസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ജൂണ്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തുക. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച 26ന് വാഷിങ്ടണില്‍ നടക്കും. പാകിസ്താനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം, എച്ച്.1.ബി.വിസ, ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍, ഇന്ത്യക്കാരായ തൊഴിലാളികളുടെ സംരക്ഷണം തുടങ്ങി 1.6 ബില്യണ്‍ പൗരന്മാര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഇന്ത്യ യുഎസ് പങ്കാളിത്തം എങ്ങനെ രൂപീകരിക്കാമെന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നും സീന്‍ സ്‌പൈസര്‍ അറിയിച്ചു.

മോദിയുമായുള്ള കൂടിക്കാഴ്ചയെ പ്രസിഡന്റ് ട്രംപ് പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം എന്നിവയും ചര്‍ച്ചയാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു പൊതു നിലപാട് ഇരുവരും പ്രഖ്യാപിക്കും. സന്ദര്‍ശനത്തില്‍ സാമ്പത്തിക, പ്രതിരോധ സഹകരണവും ചര്‍ച്ചയാകുമെന്നും സ്‌പൈസര്‍ പറഞ്ഞു.

അതേ സമയം ഇരുരാജ്യങ്ങളുടെയും താല്‍പര്യത്തിനൊത്തവിധം പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ബന്ധം വിപുലപ്പെടുത്തുന്നതിനാകും ശ്രമമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു പാത വെട്ടിത്തെളിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ഇന്ത്യന്‍ വിദേശകാര്യവകുപ്പും പ്രതീക്ഷ പ്രകടിപ്പിച്ചു.

ട്രംപ് അധികാരമേറ്റശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ ഇന്ത്യയെ രൂക്ഷമായി ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.