ബോളിവുഡ് നടി കൃതികാ ചൗധരി മരിച്ച നിലയില്‍; കൊലപാതകമെന്ന് മുംബൈ പൊലീസ്

single-img
13 June 2017

ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയില്‍ കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ബന്‍ അന്ധേരിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് പോലീസിനു ലഭിച്ച വിവരം. വീടിന്റെ വാതില്‍ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. നടിയുടെ മരണത്തിലെ അന്വേഷണം സിനിമാ മേഖലയിലേക്കും എത്തുമെന്നാണ് സൂചന.

ഹരിദ്വാര്‍ സ്വദേശിയായ കൃതിക മോഡലാവുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈയില്‍ എത്തിയത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്. 2013 ല്‍ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയില്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും കൃത്രികയുടെ മരണം ബോളിവുഡിനേയും ഞെട്ടിച്ചു.