സ്വാമിക്കെന്തിന് സിംഹാസനം? പൊതുവേദിയില്‍ എല്ലാരും തുല്ല്യരെന്ന് മന്ത്രി കടകംപള്ളി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

single-img
13 June 2017

തിരുവനന്തപുരം: ശൃംഗേരി മഠാധിപതിക്ക് വേണ്ടി സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിഎസ് ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു.

ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്‍കിയതോടെയാണ് വിഎസ് ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിത്. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു എത്തിയത്. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മന്ത്രിയുടെ നടപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. മന്ത്രി ചെയ്തതിനെ ബഹുഭൂരിപക്ഷം പേരും അനുകൂലിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുമുള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തിന് രാജഗോപാലിനെയും കുമ്മനത്തെയും ഈ
വേദിയിലിരുത്തി തന്നെ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്‍ മറുപടിയും നല്‍കി.

കേരളത്തിലെ ഒരമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും കേരള ഖജനാവിലേക്ക് പണം വരുന്നില്ല. അതേ സമയം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് അമ്പലങ്ങളിലെയും ഇതര ആരാധനാലയങ്ങളുടേയും വികസന ആവശ്യങ്ങളുടേയും അവിടെ നടക്കുന്ന ഉത്സവ ആവശ്യങ്ങള്‍ക്കും വേണ്ടി നല്‍കുന്നത്‌. അത് എല്ലാ മതവിഭാഗത്തില്‍പ്പെട്ട ജനങ്ങളുടേയും നികുതിപ്പണം ഉപയോഗിച്ചാണ് ഈ കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലക്ക് മാത്രം 150 കോടി രൂപയാണ് വികസനം നടത്തുന്നതിനു വേണ്ടി ഹൈപവര്‍ കമ്മറ്റിക്ക് നല്‍കിയിട്ടുള്ളത്. ആറ്റുകാല്‍ ഉത്സവം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ 4,5 കോടി രൂപയാണ് ചെലവാക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പര്യങ്ങളും അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുക എന്ന് പറയുന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ഏറ്റവും ഉത്തരവാദിത്വവും കടമയും ബാധ്യതയും ആണെന്ന് കണ്ടുകൊണ്ടാണ് അത് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രചരണങ്ങള്‍ വരുന്നത് വിഷമമുളവാക്കുന്ന കാര്യമാണ്. ഈ അമ്പലത്തിന്റെ മാത്രമല്ല ഒരമ്പലത്തിന്റെയും നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.