ജോഷിയുമായി ശത്രുതയില്ല; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി മമ്മൂട്ടി

single-img
13 June 2017

കൊച്ചി: വര്‍ഷങ്ങളായി പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് സംവിധായകന്‍ ജോഷിയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറും തമ്മില്‍ ശത്രുക്കളാണോയെന്ന്. ഇപ്പോഴിതാ മമ്മുട്ടി തന്നെ അക്കാര്യം വെളിപ്പടുത്തിയിരിക്കുന്നു. കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ന്യൂഡല്‍ഹിയുടെ സംവിധായകനായ ജോഷിയുമായി മമ്മൂട്ടി ശത്രുതയിലായിരുന്നുവെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. മലയാള സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടായി മാറുകയായിരുന്നു ഇത്. പത്തോളം സിനിമയ്ക്ക് വേണ്ടി ഇവര്‍ വീണ്ടും ഒരുമിച്ചു. മെഗാ സ്റ്റാര്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട പല ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ നിന്നും പിറവിയെടുത്തു.

ന്യൂഡല്‍ഹിയുടെ സെറ്റില്‍വച്ച് സംവിധായകന്‍ ജോഷിയും മമ്മൂട്ടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി എന്നും തുടര്‍ന്ന് ഇവര്‍ ശത്രുക്കളായി എന്നുമായിരുന്നു പ്രചരണം. സെറ്റില്‍വച്ച് മമ്മൂട്ടി ഉറങ്ങിപ്പോയെന്നും ഇതു കണ്ട് ജോഷി ഷൂട്ടിങ് നിര്‍ത്തിപ്പോയെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ തങ്ങള്‍ക്കിടയില്‍ ഒരു ശത്രുതയും ഉണ്ടായിട്ടില്ലെന്നു മമ്മൂട്ടി ആവര്‍ത്തിക്കുന്നു.

സഹനായകനില്‍ നിന്നും തുടങ്ങി നായകനിരയിലേക്കുയര്‍ന്ന മമ്മൂട്ടിയുടെ വളര്‍ച്ച ആരെയും അസൂയപ്പെടുന്ന തരത്തിലായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. അഭിനയത്തോടുള്ള ആഗ്രഹം ചെറുപ്പം മുതലേ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. ഏത് സിനിമയാണെന്നോ താരമാണെന്നോ ഓര്‍ക്കുന്നില്ല, ടൈയും കെട്ടിയുള്ള നായകന്റെ ഇമേജ് അന്നേ മനസ്സില്‍ പതിഞ്ഞിരുന്നു. അന്ന് തീരുമാനിച്ചിരുന്നു സിനിമയില്‍ അഭിനയിക്കണമെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം അത്തരമൊരു കഥാപാത്രം തന്നെ തേടിയെത്തുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു.

മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേരെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്റെ പേര് സ്പീഡില്‍ വിളിക്കുമ്പോഴും തുടരെത്തുടരെ ഉച്ചരിക്കുന്നതിനുമിടയിലാണ് മുഹമ്മദ് കുട്ടി ലോപിച്ച് മമ്മൂട്ടിയായി മാറിയത്. തന്റെ വല്ല്യുപ്പയുടെ പേരായിരുന്നു മുഹമ്മദ് കുട്ടിയെന്നും താരം പറയുന്നു.

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളിലൂടെയാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. അവസരം ചോദിച്ച് നടക്കുന്നതിനിടയിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചത്. തുടക്കത്തില്‍ അത്ര മികച്ച കഥാപാത്രങ്ങളൊന്നും ടേതിയെത്തിയില്ലെങ്കിലും പിന്നീടങ്ങോട്ട് മമ്മൂട്ടിയുടെ സമയമായിരുന്നു. വ്യത്യസ്തതയാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ പകര്‍ന്നത്.