ജിഷ്ണു പ്രണോയിയുടെ മരണം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

single-img
13 June 2017

കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നും ഇക്കാര്യം ഡിജിപിയേയും ജിഷ്ണുവിന്റെ പിതാവിനേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബോംബേറ് നടന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിഷ്ണുവിന്റെ പിതാവ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ആവശ്യം നേരത്തെ അവര്‍ ഡിജിപിയേയും നേരിട്ട് കണ്ട് പറഞ്ഞിരുന്നു. അവരുടെ ആവശ്യം അങ്ങനെയാണെങ്കില്‍ അന്ന് തന്നെ കേസ് സിബിഐക്ക് വിടാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ പരാതിയും നല്‍കിയിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ജിഷ്ണുവിന്റെ പിതാവ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു.