കശാപ്പ് നിയന്ത്രണം: വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
13 June 2017

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ കാലിചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവില്‍ വ്യക്തതവരുത്താന്‍ വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വിജ്ഞാപനത്തില്‍ ഉടന്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

‘സംശയങ്ങള്‍ തീര്‍ത്ത് വിജ്ഞാപനത്തില്‍ തിരുത്തലുകള്‍ വരുത്തും. തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും സംശങ്ങളും നീക്കി വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യും. തുകല്‍ വ്യവസായങ്ങളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ലഭിച്ച ഒട്ടേറെ പരാതികള്‍ പരിശോധിച്ചു വരികയാണ്’ മന്ത്രി പറഞ്ഞു. അതേസമയം, വിജ്ഞാപനം ഫാസിസ്റ്റ് നടപടിയാണെന്ന പ്രതിപക്ഷ കക്ഷികളുടെ പ്രസതാവനകളെ മന്ത്രി തള്ളി.

മാംസ വ്യാപാരത്തെയും ആരുടെയും ഭക്ഷണ രീതികള്‍ മാറ്റാനുള്ള ദുരുദ്ദേശമൊന്നും തങ്ങള്‍ക്കില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഫാസിസമെന്ന വാക്ക് ഏറെ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണെന്നും രാജ്യത്തെ ആത്മാര്‍ത്ഥമായി സേവിക്കുക മാത്രമെ ബിജെപി ചെയ്തിട്ടുള്ളൂവെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.