കേരളം പനിച്ചുവിറക്കുന്നു; ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍ തിരുവനന്തപുരത്ത്

single-img
13 June 2017

പകര്‍ച്ചപ്പനികള്‍ സംസ്ഥാനത്തു വീണ്ടും പിടിമുറുക്കുന്നു. ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി തുടങ്ങിയവ ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഈ മാസം ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നര ലക്ഷം പേരാണു പനി ബാധിച്ചു ചികില്‍സ തേടിയത്. ആശുപത്രികള്‍ നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം പനിബാധിതരെകൊണ്ട് നിറയുകയാണ്. ഒമ്പതു മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി മരിച്ചതോടെ മരണനിരക്കും വര്‍ധിക്കുകയാണ്.

മെഡിക്കല്‍കോളേജ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി എത്തിയവരുടെ എണ്ണം 18,638 ആണ്. ഇതില്‍ 163 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതും തിരുവനന്തപുരം ജില്ലയിലാണ്. കോട്ടയം, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലും ഡെങ്കിപ്പനി കാര്യമായി പടരുന്നുണ്ട്. പനി നിയന്ത്രിക്കാന്‍ കര്‍ശന ഇടപെടല്‍ നടത്തണമെന്നു മന്ത്രി കെ.കെ.ശൈലജ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അവധിക്കു കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ അനുമതിയില്ലാതെ നിസാരമായ കാരണങ്ങള്‍ക്ക് അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു മന്ത്രി കെ.കെ.ശൈലജ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടുതലാണെങ്കില്‍ പനി വാര്‍ഡുകള്‍ സജ്ജമാക്കണം.

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ആശുപത്രികളില്‍ കൊതുകുവലകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ ഓഫിസ്, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം ഉടന്‍ തുടങ്ങും. പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ ടെലിഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി: ഫോണ്‍: 0471-2327876, 99461 02865.