നിയമത്തിനു പുല്ലുവില; വൈകല്യവുമായി ജനിച്ച കുഞ്ഞിന് ചികിത്സ നിഷേധിച്ച് വീണ്ടും കോസ്‌മോ ആശുപത്രി

single-img
13 June 2017

തിരുവനന്തപുരം: സ്‌കാനിങ് പരിശോധനകളിലെ പിഴവിനെ തുടര്‍ന്ന് ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെ ജനിച്ച കുഞ്ഞിന് തിരുവനന്തപുരത്തെ കോസ്‌മോ ആശുപത്രിയില്‍ വീണ്ടും അവഗണന. തങ്ങള്‍ക്ക് പറ്റിയ പിഴവിനെ തുടര്‍ന്ന് എട്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞതായി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കോസ്‌മോ ആശുപത്രി അധികൃതര്‍ കുഞ്ഞിന്റെ ജീവന്‍ വച്ച് പകരം വീട്ടുന്നത്. മുലപ്പാല്‍ പോലും കുടിക്കാന്‍ സാധിക്കാത്ത രീതിയില്‍ എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ കുട്ടി ഉറങ്ങുമ്പോള്‍ ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോള്‍ പാല്‍ കൊടുക്കുന്നത്. കുട്ടിയെ അതീവശ്രദ്ധയോടെ ചികിത്സിക്കേണ്ട സമയത്താണ് ആശുപത്രി അധികൃതരുടെ ഈ പകപോക്കല്‍.

വാര്‍ത്ത വന്നതിനു ശേഷം ഡോക്ടര്‍മാര്‍ ആരും കുഞ്ഞിനെ പരിശോധിക്കാന്‍ എത്താറില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന് തുടര്‍ചികിത്സയും ശസ്ത്രക്രിയയും വേണമെന്ന് ബാലാവകാശ കമ്മിഷന്‍ നിയോഗിച്ച മെഡിക്കല്‍ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ മനുഷ്യത്വരഹിതമായ രീതിയിലാണ് ആശുപത്രി അധികൃതരുടെ പെരുമാറ്റമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞെങ്കിലും ബാലാവകാശ കമ്മിഷന്റെ വിധി വരുന്നതുവരെ ആശുപത്രിയില്‍തന്നെ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം.

നേരത്തെ, ആശുപത്രി അധികൃതരുടെ പിഴവിനെ തുടര്‍ന്ന് കുഞ്ഞിന് ഗുരുതരമായ വൈകല്യം സംഭവിച്ചുവെന്ന പരാതിയുമായി മാതാപിതാക്കള്‍ ബാലാവകാശ കമ്മിഷനിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ തന്നെ മുറി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്.

ചെമ്പഴന്തി സ്വദേശി അരുണിന്റെയും ശ്രദ്ധാ വിദ്യാധറിന്റെയും ആണ്‍കുഞ്ഞാണ് ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെ ജനിച്ചത്. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ കോസ്‌മോ ആശുപത്രിയില്‍ ഒന്നാം മാസം മുതല്‍ സ്‌കാനിങ് നടത്തിയതാണ് ഇവര്‍. അതും അത്യാധുനിക യന്ത്ര സംവിധാനത്തില്‍. പക്ഷേ കുഞ്ഞിന്റെ വൈകല്യങ്ങളൊന്നും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് തിരിച്ചറിഞ്ഞില്ല.

ഏഴാം മാസത്തില്‍ ഒരു സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ പരിശോധനയിലാണ് കുഞ്ഞിന് വൈകല്യമുള്ളതായി കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറവെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്തുകയായിരുന്നു. ജനനേന്ദ്രിയവും കൈവിരലുകളും ഇല്ലാതെയാണ് കുഞ്ഞ് ജനിച്ചുവീണത്. കുഞ്ഞിന്റെ വായിലെ എല്ലുകള്‍ക്കും ബലമില്ല. ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവുമുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍വാഹമില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ ഉല്ലാസ് പറഞ്ഞു.

എന്നാല്‍ എട്ടുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ കുട്ടിയെ കയ്യൊഴിഞ്ഞു. കൂടാതെ ചികിത്സാ ചെലവായി കോസ്‌മോ 6 ലക്ഷം രൂപയും ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടെയാണ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായത്. തെറ്റുപറ്റിയിട്ടില്ലെന്നാണ് കോസ്‌മോ ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കാനിങ് പരിശോധനയിലെ പിഴവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇനി ശസ്ത്രക്രിയകള്‍ നടത്തിയാലും പരസഹായമില്ലാതെ കുഞ്ഞിനു ജീവിക്കാനാവില്ലെന്നാണ് ബാലാവകാശ കമ്മിഷന്‍ നിയോഗിച്ച മെഡിക്കല്‍ സംഘത്തിന്റെ നിഗമനം.