‘ഇറച്ചി കഴിക്കരുത്, സെക്‌സും വേണ്ട’: ഗര്‍ഭിണികള്‍ക്ക് വിചിത്ര ഉപദേശവുമായി കേന്ദ്രസര്‍ക്കാര്‍

single-img
13 June 2017

ഗര്‍ഭിണികള്‍ക്ക് വിചിത്ര നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മാംസ ഭക്ഷണം ഒഴിവാക്കുക, സെക്‌സും മോശം കമ്പനികളും ഒഴിവാക്കുക തുടങ്ങി വിചിത്ര നിര്‍ദേശങ്ങളാണ് രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി വേറെയും ഒട്ടേറെ നിര്‍ദേശങ്ങളുണ്ട്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തിനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ബുക്കലെറ്റ് പ്രകാശനം ചെയ്തത് മന്ത്രി ശ്രീപാദ് നായിക് ആണ്.

ഭോഗം, കാമം, ക്രോധം, വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചിലവഴിക്കുക, ആത്മീയ ചിന്തകളുണ്ടാകണം, ശ്രേഷ്ഠരായ ആളുകളുടെ ജീവ ചരിത്രങ്ങള്‍ വായിക്കുക, ശാന്തരായി ഇരിക്കുക, തുടങ്ങിയവയാണ് ഗര്‍ഭിണികള്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുതിയ പ്രിസ്‌ക്രിപ്ഷന്‍സ്.

അതേസമയം ഇത്തരത്തില്‍ എന്ത് കഴിക്കണമെന്നോ കഴിക്കാതിരിക്കണമെന്നോ പറയേണ്ട ആവശ്യകതയില്ലെന്നാണ് കോഴിക്കോട് രാജേന്ദ്ര ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. വിജയറാം പറയുന്നത്. സങ്കീര്‍ണതകള്‍ ഉള്ള പ്രസവ കേസുകളില്‍ മാത്രമേ സെക്‌സ് ഒഴിവാക്കണമെന്ന് പറയേണ്ട ആവശ്യകതയുള്ളൂവെന്നും ഡോക്ടര്‍ പറയുന്നു. മാത്രമല്ല സന്തോഷിപ്പിക്കാന്‍ ഇന്നത് ചെയ്യണം ചെയ്യരുത് എന്ന് പറയുന്നതിന് പകരം അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയാണ് വേണ്ടതെന്നും പ്രമുഖ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഗര്‍ഭിണികളുടെ ഭക്ഷണ കാര്യങ്ങളില്‍ വരെ കേന്ദ്രസര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യം പുലര്‍ത്തുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ വിഷയത്തോട് മന്ത്രി ശ്രീപാദ് നായിക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.