കെ സുരേന്ദ്രൻ പരേതനാക്കിയ വോട്ടർ ജീവനോടെ;മരണം വരെ താൻ വോട്ട് ചെയ്യുമെന്ന് സുരേന്ദ്രനോട് അഹ്‍മദ് കുഞ്ഞി

single-img
13 June 2017

ചിത്രത്തിനു കടപ്പാട്:മീഡിയ വണ്‍

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചു.കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്‌മദ് കുഞ്ഞിയാണ് കോടതിയില്‍ നിന്നുമുള്ള സമന്‍സ് നേരിട്ട് കൈപറ്റിയതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്.ജൂണ്‍ 15ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നത് വരെ അത് നിര്‍വ്വഹിക്കുമെന്നും അഹ്‍മദ് പറഞ്ഞു.

ബാക്രബയല്‍ സ്വദേശി അനസിനും സമന്‍സ് കിട്ടിട്ടുണ്ട്.തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് പോയെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ വാദിച്ച അനസ് ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നായും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫിലായിരുന്ന അനസ് വോട്ട് രേഖപ്പെടുത്തിയെന്നാണ് ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പരാതി.

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ മരിച്ച നാലുപേരുടെ പേരിൽ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.