മാണിയെ വെല്ലുവിളിച്ച് പിസി ജോര്‍ജ്; ബാര്‍ കോഴയായി വാങ്ങിയത് ഒന്നല്ല നാലു കോടി രൂപ

single-img
12 June 2017

കോട്ടയം: കെ.എം മാണിയെ ബാര്‍ കോഴ ആരോപണത്തില്‍ കുടുക്കിയതിനു പിന്നില്‍ ഗൂഡാലോചന നടത്തിയവരില്‍ താനുമുണ്ടെന്ന കേരള കോണ്‍ഗ്രസ് (എം) അന്വേഷണ റിപ്പോര്‍ട്ട് നിഷേധിച്ച് പി.സി.ജോര്‍ജ്. കെ.എം മാണി ഒന്നല്ല, നാലു കോടിയാണ് കോഴവാങ്ങിയതെന്നും അതിന്റെ തെളിവ് തന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും മാണിക്ക് ധൈര്യമുണ്ടെങ്കില്‍ കേസു കൊടുക്കാമെന്നും ജോര്‍ജ് വെല്ലുവിളിച്ചു. കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് കടലാസിന്റെ വില നല്‍കാന്‍ പോലും ആരും തയ്യാറല്ല. താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയിക്കാന്‍ മാണി ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവരികയാണെന്നും ജോര്‍ജ് പറഞ്ഞു.

കെ.എം മാണിയെ കുടുക്കിയതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കാത്തതാണെന്നാണ് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതേ പറ്റി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. രമേശ് ചെന്നിത്തല, അടൂര്‍പ്രകാശ്, ബിജുരമേശ്, ജോസഫ് വാഴക്കന്‍, പി.സി ജോര്‍ജ്, ജേക്കബ് തോമസ് ഐ.പി.എസ് എന്നിവരാണ് ഗൂഡാലോചനയ്ക്ക്‌ പിന്നില്‍. ഐ.പി.എസ് നല്‍കാമെന്ന് പ്രലോഭിച്ചാണ് എസ്.പി സുകേശനെ കൊണ്ട് കെ.എം.മാണിക്ക് എതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.