മാലാഖമാര്‍ വീണ്ടും സമരമുഖത്തേക്ക്; പതിനെട്ടു മുതല്‍ ആശുപത്രികള്‍ ബഹിഷ്‌ക്കരിക്കും

single-img
12 June 2017

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ വീണ്ടും സമര രംഗത്തേക്കിറങ്ങുന്നത് ആശുപത്രികളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഈ മാസം 15 മുതല്‍ സമരം തുടങ്ങുമെന്നും പതിനെട്ടാം തീയ്യതി മുതല്‍ ആശുപത്രികള്‍ ബഹിഷ്‌ക്കരിക്കാനാണ് തീരുമാനമെന്നും സ്വകാര്യ നഴ്‌സുമാരുടെ സംഘടന അറിയിച്ചു.

സംസ്ഥാനത്തെ 1500 ഓളം ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം നഴ്‌സുമാരില്‍ 20 ശതമാനത്തിന് മാത്രമാണ് മിനിമം ശമ്പളം ലഭിക്കുന്നതെന്ന് സംഘടന പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. 2013 ല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവ് ഉറപ്പ് നല്‍കിയിരുന്നു. നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റകളും സംസ്ഥാന തൊഴില്‍ വകുപ്പും നടത്തിയ സംയുക്ത ചര്‍ച്ചയില്‍ 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവാണ് ഉറപ്പ് നല്‍കിയത്. ജനറല്‍ നഴ്‌സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് 8750 രൂപയും, ബി.എസ്.സി നഴ്‌സിങുകാര്‍ക്ക് 9250 രൂപയും മിനിമം ശമ്പളം നല്‍കാനായിരുന്നു ധാരണ. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് നഴ്‌സുമാര്‍ പറയുന്നു.