നീറ്റ് പരീക്ഷാഫലം 26ന്; ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈകോടതി വിധി റദ്ദാക്കി

single-img
12 June 2017

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി. ഫലം പത്ത് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണം. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. സി.ബി.എസ്.ഇക്ക് പ്രവേശന പ്രക്രിയകള്‍ ആരംഭിക്കാമെന്നും കോടതി പറഞ്ഞു.

സിബിഎസ്ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.അനുകൂല വിധി വന്നതിനു പിന്നാലെ നീറ്റ് ഫലം ഈ മാസം 26നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.കഴിഞ്ഞ മാസം 24നാണ് മദ്രാസ് ഹൈകോടതി ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞത്. ഇംഗ്ലീഷിലും തമിഴിലും നല്‍കിയ ചോദ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈകോടതി ഫലം സ്റ്റേ ചെയ്തത്.

ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയാതായതോടെ മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശന ഷെഡ്യൂള്‍ താളംതെറ്റിയിരിക്കയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.എസ്.ഇ ഹര്‍ജി. സ്റ്റേ എത്രയും പെട്ടെന്ന് ഒഴിവാക്കിയില്ലെങ്കില്‍ പരീക്ഷയെഴുതിയ 11.8 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.