മിഗ് വിമാനങ്ങള്‍ക്ക് വിട; ഇന്ത്യന്‍ പോര്‍മുഖത്തിന് കരുത്ത് പകരാന്‍ 120 പുതിയ യുദ്ധവിമാനങ്ങള്‍

single-img
12 June 2017

ന്യൂഡല്‍ഹി: വ്യോമസേനയെ ആധുനികവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കാലഹരണപ്പെട്ട റഷ്യന്‍ നിര്‍മിത മിഗ് യുദ്ധവിമാനങ്ങള്‍ക്ക് പകരം പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ മുഖച്ഛായ തന്നെ മാറുകയാണ്. അമേരിക്കയുടെ എഫ് 16, സ്വീഡനില്‍ നിന്നുള്ള ഗ്രിപ്പന്‍ എന്നീ വിമാനങ്ങളാണ് വ്യോമസേനയുടെ പുതിയ പോര്‍ വിമാനങ്ങളാവുക എന്നാണു സൂചന. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കി ഏതാണ്ട് 1.3 ലക്ഷം കോടിയുടെ ഇടപാടാണ് ഇതിലൂടെ നടക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ ഉടന്‍തന്നെ വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടാകും.

അറുപതുകളിലും എഴുപതുകളിലുമാണ് റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ ഭാരത വ്യോമസേനയുടെ ഭാഗമായത്. ഇവ കാലഹരണപ്പെട്ടിട്ട് നാളേറെയായെങ്കിലും ഇപ്പോഴാണ് അടിമുടിയുള്ള മാറ്റത്തിന് വ്യോമസേന തയ്യാറെടുക്കുന്നത്. 26 മധ്യദൂര മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി ഏഴുവര്‍ഷം മുമ്പുതന്നെ എഫ് 16, ഗ്രിപ്പന്‍ വിമാനങ്ങളില്‍ വ്യോമസേന വിശദമായി പരിശോധന നടത്തിയിരുന്നു. ഇതില്‍ ഏത് വിമാനമാകും സേനയുടെ ഭാഗമാകുക എന്നത് സംബന്ധിച്ച തീരുമാനം അവസാനഘട്ട പരിശോധനകള്‍ക്ക് ശേഷം തീരുമാനമാകും.

ഏഴ് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയില്‍ എഫ് 16, ഗ്രിപ്പന്‍ വിമാനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എഫ്16 നെ പരിഷ്‌കരിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് ഒഴിവാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്ലോക്ക് 70 എന്ന പേരില്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് നിര്‍മാണ കമ്പനിയായ ജനറല്‍ ഡൈനാമിക്‌സ് നിര്‍മിച്ചതു കൊണ്ടുതന്നെ ഇത് ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

25 രാജ്യങ്ങളോളം ഉപയോഗിക്കുന്ന എഫ്16 ഏറ്റവും മികച്ച പോര്‍വിമാനം തന്നെയാണ്. അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക സംവിധാനങ്ങളുള്ള പോര്‍വിമാനമാണ് എഫ്16. എഫ് 16 ഫൈറ്റിങ് ഫാല്‍ക്കണ്‍ എന്നാണ്‌ പൂര്‍ണ്ണ രൂപം. പോരാടും പരുന്ത് എന്നര്‍ഥം വരുന്ന ഈ പോര്‍വിമാനം അമേരിക്കന്‍ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റില്‍ സ്റ്റാര്‍ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാര്‍വേള്‍ഡ് മിനി സിരീസിനു ശേഷം വൈമാനികര്‍ ഇതിനെ ‘വൈപര്‍’ എന്നും വിളിക്കുന്നു.

1974 ജനുവരി 20നാണ് ആദ്യ എഫ്16 പോര്‍വിമാനം പുറത്തിറങ്ങിയത്. ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോര്‍വിമാനമായാണ് ജനറല്‍ ഡൈനാമിക്‌സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എഫ്16 കുറഞ്ഞ കാലത്തിനിടെ വിവിധ രാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം തന്നെയായിരുന്നു ഇതിന്റെ പിന്നിലെ രഹസ്യം. തുടര്‍ന്ന് വിദേശ വിപണിയില്‍ വില്‍പനയ്ക്ക് വയ്ക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു.

എല്ലാ കാലാസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ്16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും എഫ്16 വിമാനങ്ങള്‍ ഉപയോഗിക്കാനാകും. നിലവില്‍ എഫ്16 ഫൈറ്റിങ് ഫാല്‍കണ്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. 1980 കളിലാണ് പാക്കിസ്ഥാന്‍ ഈ എഫ്16 യുദ്ധവിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്കും പാക്കിസ്താന്‍ ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധസമയത്ത് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ റോന്തു ചുറ്റാന്‍ പിഎഎഫ് എഫ്16 എസ് ഉപയോഗിച്ചിരുന്നു.

അതുപോലെ ഗ്രിപ്പന്‍ വിമാനത്തില്‍ നേരത്തെ അത്യാധുനിക റഡാര്‍ സംവിധാനം (എഇഎസ്എ) ഇല്ലായിരുന്നു. ഇപ്പോള്‍ ഇതില്‍ അവ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കളായ സ്വീഡിഷ് എയ്‌റോസ്‌പെയ്‌സ് തയ്യാറായിട്ടുണ്ട്. പക്ഷേ ഏത് കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നതില്‍ അടുത്ത വര്‍ഷത്തിനുള്ളിലേ തീരുമാനമുണ്ടാകുമെന്നാണ് വ്യോമസേന പറയുന്നത്.

വിമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഇറക്കുമതി ചെയ്യുന്നതിലെ ചെലവ് കുറച്ച് കൂടുതല്‍ എണ്ണം നിര്‍മ്മിക്കാമെന്ന ലക്ഷ്യമാണ് മോദിയുടെ ഈ നീക്കത്തിന് പിന്നിലുള്ളത്. മാത്രമല്ല, ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍, അത് പ്രതിരോധ മേഖലയിലെ ആഭ്യന്തര വിപണിയ്ക്ക് പ്രോത്സാഹനവും ആവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.