‘കള്ളന്‍,കള്ളന്‍….’; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ വിജയ് മല്യയ്ക്ക് ആരാധകരുടെ ‘പണി’

single-img
12 June 2017

ഓവല്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യക്ക് ആരാധകരുടെ പരിഹാസം. ഓവലില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മല്യയെ കളി കാണാനെത്തിയ ആരാധകര്‍ കൂവുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തു. ഓവല്‍ സ്‌റ്റേഡിയത്തിലേക്ക് മല്യ ഒരു യുവതിയുമായി കയറി വരുമ്പോഴാണ് സംഭവം. ‘കള്ളന്‍ പോകുന്നേ’ എന്ന് ഒരാള്‍ വിളിച്ചു പറയുകയും മറ്റുള്ളവര്‍ ഉച്ചത്തില്‍ ചിരിക്കുകയും ചെയ്യുന്നു.

തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെയേല്‍പിക്കൂവെന്നും അവര്‍ മല്യയോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോയി. ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞദിവസം ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ മല്യയെത്തിയത് വാര്‍ത്തയായപ്പോള്‍ താന്‍ ഇനിയുള്ള മത്സരങ്ങള്‍ക്കും ഉണ്ടാകുമെന്ന്‌ മല്യ പ്രതികരിച്ചിരുന്നു. അന്ന് കളി കാണാനെത്തിയ മല്യ മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ഒരു ചാരിറ്റി പ്രോഗ്രാം വേദിയിലേക്ക് ക്ഷണിക്കാതെയെത്തിയതും ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം മത്സരം കാണാനെത്തിയ മല്യക്ക് ആരാധകര്‍ പണി കൊടുത്തത്.

രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് മല്യയെ രാജ്യത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കളികള്‍ ആസ്വദിച്ച് ഇംഗ്ലണ്ടില്‍ കഴിയുന്ന വ്യവസായിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നത്. നേരത്തെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്ത മല്യയെ ജാമ്യത്തില്‍ വിടുകയായിരുന്നു.