വിവാദങ്ങളുടെ തോഴന് ഇന്ന് പടിയിറക്കം; ജസ്റ്റിസ് കര്‍ണന്‍ വിരമിക്കുന്നത് ഒളിവിലിരുന്ന്

single-img
12 June 2017

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിക്കും. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്രയും വിവാദങ്ങളോടെ ഒരു ന്യായാധിപന്റെ വിടവാങ്ങല്‍. കര്‍ണന്റെ വിരമിക്കലോടുകൂടി ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയിലെ അസാധാരണ സംഭവവികാസങ്ങള്‍ക്കുകൂടി അവസാനമാവുകയാണ്. സുപ്രീം കോടതി ആറു മാസം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കര്‍ണന്‍ എവിടെയാണുള്ളതെന്ന് ഇതുവരെയും വ്യക്തമല്ല.

മെയ് ഒമ്പതിനാണ് ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ ആദ്യമായി ഒരു ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെ ജയിലിലടക്കാന്‍ സുപ്രീംകോടതി വിധിക്കുന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് മാപ്പുപറയാന്‍ കര്‍ണനോട് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനിടെ കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ഉത്തരവ് തള്ളിയ കര്‍ണന്‍ ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും രാജ്യം വിട്ട് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സുപ്രീം കോടതിക്ക് തന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കര്‍ണന്‍ ചീഫ്ജസ്റ്റിസും ജഡ്ജിമാര്‍ക്കും വൈദ്യപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. തുടര്‍ന്നാണ് കര്‍ണനെ ആറു മാസത്തെ തടവിന് സുപ്രീം കോടതി വിധിച്ചത്. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പിന്നീട് നിരുപാധികം മാപ്പു പറയാമെന്ന കര്‍ണന്റെ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല

2009ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായതു മുതല്‍ ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ എന്ന പേര് വിവാദങ്ങളിലുണ്ട്. പുരാണത്തിലെ കര്‍ണനു കവചകുണ്ഡലങ്ങളെന്ന പോലെയാണു ജസ്റ്റിസ് സിഎസ് കര്‍ണനു വിവാദങ്ങള്‍. കര്‍ണ്ണനെന്ന പേര് സ്വയം സ്വീകരിച്ചതാണ്. എസ്. കരുണാനിധി എന്നതായിരുന്നു വീട്ടുകാരിട്ട പേര്. സംഖ്യാശാസ്ത്രത്തിലെ വിശ്വാസം മൂലമാണു പിന്നീട് സി.എസ്. കര്‍ണന്‍ എന്ന പേര് സ്വീകരിച്ചത്. പിതാവ് സി. സ്വാമിനാഥന്റെ ചുരുക്കമാണു സി.എസ്. അങ്ങനെ കര്‍ണ്ണന്‍ സിഎസായി.

രാഷ്ട്രീയവും വശമുണ്ടായിരുന്നു കര്‍ണ്ണന്. പേര് കരുണാനിധി എന്നായിരുന്നെങ്കിലും അടുപ്പം അണ്ണാ ഡിഎംകെയോടായിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ ബൂത്ത് തല തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു. ഇതിന് ശേഷമാണ് ജഡ്ജിയായി മാറിയത്. ജയലളിതയുമായും നല്ല അടുപ്പമുണ്ടായിരുന്നു. തനിക്ക് രണ്ടു പിതാക്കന്മാരുണ്ടെന്നു കര്‍ണന്‍ അഭിമാനത്തോടെ പറയും ഒന്ന്, പിതാവ് സി.സ്വാമിനാഥന്‍, രണ്ട്, ഭരണഘടനാശില്‍പി ഡോ. ബി.ആര്‍.അംബേദ്കര്‍.

മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിങ്ങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദിനും സുപ്രീംകോടതി രജിസ്ട്രാര്‍ക്കും കത്തയച്ചതോടെയാണ് കര്‍ണന്‍ വാര്‍ത്തകളില്‍ ഇടം നേടാന്‍ തുടങ്ങിയത്. അഴിമതിയും ജാതി വിവേചനവും ജഡ്ജിമാര്‍ക്കിടയിലുണ്ടെന്നും ദലിതനായതിനാല്‍ തന്നോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീം േകാടതി കൊളീജിയത്തിന്റെ നടപടി റദ്ദാക്കിയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. തെന്റെ അധികാര പരിധിയില്‍ കൈകടത്തരുതെന്ന് സുപ്രീംകോടതിയോട് പറയാനും അദ്ദേഹം ധൈര്യം കാട്ടി. തനിക്ക് യാത്രാ വിലക്ക് നല്‍കിയ സുപ്രീംകോടതി ജഡ്ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.