ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ സെമിഫൈനലില്‍; ജയം എട്ടു വിക്കറ്റിന്

single-img
12 June 2017

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫിക്കയെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ സെമിഫൈനലില്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ 72 പന്തുകള്‍ ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സെടുത്ത് എല്ലാവരും പുറത്തായി . ശിഖര്‍ ധവാന്റെയും (78) നായകന്‍ വിരാട് കോഹ്ലിയുടെയും (76) അര്‍ധസെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 38 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ മറികടക്കുകയായിരുന്നു. സ്‌കോര്‍ 23 ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ഉജ്വലമായ ചെറുത്തു നില്‍പ്പോടെ കളിയുടെ നിയന്ത്രണം ഇന്ത്യന്‍ ബാറ്റിംഗ് നിര വീണ്ടെടുക്കുകയായിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക (44.3 /191 ), ഇന്ത്യ(38 / 2192 ).

മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി തകര്‍ന്നടിയുകയായിരുന്നു. ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ഇവിടെ 200 റണ്‍സ് കാണാതെ കുറഞ്ഞ സ്‌കോറിന് ഓള്‍ഔട്ട് ആകുന്നത്. 76 റണ്‍സിന്റെ മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ദക്ഷിണാഫ്രിക്കക്ക് ക്വിന്റണ്‍ ഡി കോക്കും ഹാഷിം ആംലയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ 35 റണ്‍സെടുത്ത് ക്രീസില്‍ ഉറച്ചു നിന്ന ആംലയെ അശ്വിന്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 53 റണ്‍സെടുത്ത് ഡികോക്ക് കൂടി പുറത്തായതോടെ ബാറ്റിംഗ് നിരയുടെ തകര്‍ച്ചയുടെ ആക്കം കൂടുകയായിരുന്നു.

36 റണ്‍സെടുത്ത് ഡുപ്ലെസി ചെറിയ രീതിയില്‍ പ്രതിരോധിക്കാന്‍ പരിശ്രമം നടത്തിയെങ്കിലും തുടരെ രണ്ടു പേര്‍ റണ്‍ ഔട്ടായതോടെ അവരുടെ പ്രതിരോധം മൊത്തത്തില്‍ തകര്‍ന്നടിയുകയായിരുന്നു. 20 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജെപി ഡുംനി ഒഴികെയുള്ളവര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംറയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. അശ്വിന്‍, പാണ്ഡ്യ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ടോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദ മാച്ച്.