ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ്; നിയമം ഉടന്‍

single-img
12 June 2017

ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഗംഗാ നദി മലിനമാക്കുന്നവര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവും 100 കോടി രൂപവരെ പിഴയും ശിക്ഷയായി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ നിര്‍ദേശം. ഗംഗാ സംരക്ഷണ ബില്‍ 2017 എന്നപേരില്‍ പ്രത്യേക ബില്ലും പിന്നീട് നിയമവും രൂപീകരിക്കാനാണ് നീക്കം. ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക.

നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗംഗാ നദിക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. റിട്ടയേര്‍ഡ് ജസ്റ്റിസ് ഗിരിധാര്‍ മാളവ്യയാണ് സമിതി തലവന്‍. ഏപ്രിലിലാണ് ജലവിഭവ മന്ത്രാലയത്തിന് നിയമത്തിന്റെ കരട് രേഖ സമര്‍പ്പിച്ചത്. കര്‍ശന നിയമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ തെറ്റ് ചെയ്യാതിരിക്കുകയുള്ളെന്ന് സംഘത്തിലെ ഒരംഗമായ അഡ്വ. അരുണ്‍ കുമാര്‍ ഗുപ്ത പറഞ്ഞു.

കോടിക്കണക്കിനു രൂപയാണ് ഗംഗാ ശുചീകരണത്തിന് ചെലവഴിക്കുന്നത്. പക്ഷെ, അതുകൊണ്ടൊന്നും പൂര്‍ണമായ പരിഹാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അന്തിമ കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യും.