സുബീഷിന്റെ വെളിപ്പെടുത്തലുകളെ നിഷേധിച്ച് ഫസലിന്റെ ഭാര്യയും സഹോദരിയും, സിബിഐ കണ്ടെത്തലുകളില്‍ വിശ്വാസം

single-img
12 June 2017

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകളെ നിഷേധിച്ച് ഫസലിന്റെ ഭാര്യ മറിയവും സഹോദരി റംലയും. സിബിഐ കണ്ടെത്തലുകളില്‍ വിശ്വാസമുണ്ടന്നും കേസില്‍ തുടരന്വേഷണമോ മറ്റോ ആവശ്യമില്ലെന്നും ഇവര്‍ പറഞ്ഞു. തുടരന്വേഷണമാവശ്യപ്പെട്ടുള്ള സഹോദരന്മാരുടെ നീക്കം സമ്മര്‍ദത്തിന് വഴങ്ങിയാണ്. സുബീഷിന് ഫസലിനെ അറിയില്ല എന്നാണ് പറഞ്ഞത്, ഇത് ശരിയാണെന്നാണ് തങ്ങളും കരുതുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് സത്യസന്ധമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ശത്രുത ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ തയ്യാറാണെന്ന് സുബീഷ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കാവുന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും മറിയവും റംലയും പറയുന്നു. ഫസലിന് ഒരാളുമായിട്ടും ശത്രുതയൊന്നും ഉണ്ടായിരുന്നില്ല. തേജസിന്റെ പ്രവര്‍ത്തനങ്ങളുമായി നടക്കുകയായിരുന്നു. അതിനോടുളള വിരോധമാണ് സിപിഎമ്മിന് ഉണ്ടായിരുന്നതെന്നും ഭാര്യ മറിയം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സുബീഷിന്റെ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ ഹാജരാക്കിയതും പുനരന്വേഷണം ആവശ്യപ്പെട്ടതും ഫസലിന്റെ സഹോദരനാണ്. പൊലീസ് തന്നെ അതിക്രൂരമായി മര്‍ദിച്ച് അവശനാക്കി നിര്‍ബന്ധപൂര്‍വം എടുത്തതാണ് പുറത്തുവന്ന വെളിപ്പെടുത്തലുകളെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്.