അരിയും ഗോതമ്പും പാവപ്പെട്ടവരെ പ്രമേഹ രോഗികളാക്കുന്നതായി പഠനം

single-img
12 June 2017

ന്യൂഡല്‍ഹി: പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും വഴി രാജ്യത്ത് പാവപ്പെട്ടവര്‍ക്കിടയില്‍ പ്രമേഹം ധാരാളമായി വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് ആണ് പഠനം നടത്തിയത്. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാകാത്തതും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കുന്നതായി ഇവര്‍ ചൂണ്ടി കാണിക്കുന്നു. ഗ്രാമങ്ങളും നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നഗരങ്ങളില്‍ രോഗം ഇരട്ടിയാണ്. നഗരത്തില്‍ 11.2 ശതമാനവും ഗ്രാമത്തില്‍ 5.2 ശതമാനവും പ്രമേഹത്തിന്റെ പിടിയിലാണ്.

പൊതുവേ ഉയര്‍ന്ന ജീവിത നിലവാരമുള്ളവരിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. അതേസമയം, ജീവിത നിലവാരത്തില്‍ മുന്‍പന്തിയിലെന്നു കണക്കാക്കപ്പെടുന്ന സംസ്ഥാനങ്ങളിലെ നഗരവാസികളായ പാവപ്പെട്ടവരില്‍ സ്ഥിതി മറിച്ചാണ്. ചണ്ഡീഗഢ് നഗരത്തിലെ ഉയര്‍ന്ന വരുമാന നിരക്കില്‍ 12.9 ശതമാനത്തിന് പ്രമേഹമുള്ളപ്പോള്‍ പാവപ്പെട്ടവരുടെ നിരക്ക് ഇവിടെ 26.9 ശതമാനമാണ്. രാജ്യത്തെ നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍പ്പോലും ജങ്ക് ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാവുന്നതും തവിടു നീക്കം ചെയ്ത അരിയും ഗോതമ്പും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതും രോഗസാധ്യത കൂട്ടുന്നു.

പഴങ്ങളും പച്ചക്കറിയും ആരോഗ്യകരമായ മറ്റിനം ധാന്യങ്ങളും പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്നത് ഗുണകരമാവുമെന്ന് പഠനത്തിന് നേതൃത്വം വഹിച്ച മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ആര്‍.എം. അഞ്ജന അഭിപ്രായപ്പെട്ടു. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 57,000 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. സര്‍വേയില്‍ പങ്കെടുത്തു രോഗം സ്ഥരീകരിക്കപ്പെട്ട പകുതിപ്പേര്‍ക്കും അതുവരെ രോഗമുള്ളതായി അറിവുണ്ടായിരുന്നില്ല. പ്രമേഹരോഗികള്‍ കൂടുതലുള്ള രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ഏഴുകോടി ആളുകളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്.