കേരള മോഡല്‍ കണ്ടുപഠിക്കാൻ ഗുജറാത്ത് സർക്കാർ സംഘം കേരളത്തിലേക്ക്;നടപടി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തെ മാതൃകയാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്ന്

single-img
12 June 2017


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ മാതൃകയാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച സംഘം കേരളത്തിലെത്തും. വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മാതൃകയാക്കണമെന്ന കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്ത് സംഘം കാര്യങ്ങള്‍ മനസിലാക്കാനെത്തുന്നത്.

ജൂൺ 15നാണ് ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക സംഘം കേരളത്തിൽ എത്തുക. ആദ്യഘട്ടത്തിൽ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെ സംബന്ധിച്ചാകും ഗുജറാത്തിൽ നിന്നുള്ള ഉന്നതതല സംഘം പഠിക്കുക. ഗുജറാത്ത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ കമ്മീഷണര്‍ രാജേന്ദ്ര ജി ത്രിവേദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യഘട്ടത്തിൽ കേരളം സന്ദർശിക്കാനെത്തുന്നത്.

കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒന്നായി തെന്നിന്ത്യയിലെ ഡി.പി.ഐമാരുടെ യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 97.7% കുട്ടികളും ഈ പദ്ധതിയുടെ ഗുണഫലം അനുഭവിക്കുന്നു എന്നാണ് കഴിഞ്ഞമാസം നടന്ന എം.എച്ച്.ആര്‍.ഡി വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തില്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചത്. 28 ലക്ഷം കുട്ടികളാണ് കേരളത്തില്‍ പൊതുവിതരണ സംവിധാനത്തിലൂടെ മികച്ച ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും ഏറ്റവും ഗുണമേന്മയുള്ള ഭക്ഷണം തന്നെ സര്‍ക്കാര്‍ കുട്ടികള്‍ക്ക് ഉറപ്പാക്കുന്നുണ്ട്.