തച്ചങ്കരിയുടെ ജോലി സെന്‍കുമാറിനെ നിരീക്ഷിക്കലോ?; രേഖകള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

single-img
12 June 2017

നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യവുമായി ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി നടന്ന പൊലീസിലെ കൂട്ടസ്ഥലമാറ്റങ്ങളെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം ഉണ്ടായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ തുടര്‍നടപടിയുണ്ടാവും.

നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളുമാണ് തച്ചങ്കരിയെന്നും അങ്ങനെയുള്ള ഒരാളെ തന്ത്രപ്രധാന പോസ്റ്റില്‍ ഇരുത്തുന്നത് ശരിയല്ലെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തികയില്‍ നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു.