ജനവാസ കേന്ദ്രങ്ങളിലേക്ക് പാക് ഷെല്ലാക്രമണവും വെടിവയ്പ്പും; പരിഭ്രാന്തരായി കശ്മീരി ജനത

single-img
11 June 2017

കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്ക് പ്രകോപനം. ഇത്തവണ സൈനിക പോസ്റ്റുകള്‍ക്ക് പുറമെ ജനവാസകേന്ദ്രങ്ങളിലേക്കും ഷെല്ലാക്രമണവും വെടിവയ്പും നടത്തി. കൃഷ്ണഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക്ക് ആയുധങ്ങളും ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. 82 എംഎം, 120 എംഎം മോര്‍ട്ടര്‍റുകള്‍ കൈതോക്കുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു വെടിവയ്‌പ്പെന്ന് സൈനിക വക്താവ് അറിയിച്ചു.

രാത്രി 8.30ന് ആരംഭിച്ച വെടിവയ്പ്പ് പുലര്‍ച്ചെ വരെ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. പാക്ക് വെടിവയ്പ്പില്‍ ഈ മേഖലയിലെ സാധാരണ ജനങ്ങള്‍ പരിഭ്രാന്തരായി. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍സേനയും അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 13 ഭീകരരെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കൊലപ്പെടുത്തിയത്.

അതിര്‍ത്തിയില്‍ കഴിഞ്ഞ ഒരുമാസമായി കനത്ത സംഘര്‍ഷമാണ് നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പാക്കിസ്ഥാന്‍ നടത്തുന്നത് ഭീകരര്‍ക്ക് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറുന്നതിന് സഹായിക്കാനാണെന്ന് ആരോപണം ശക്തമാണ്.