വിഴിഞ്ഞം കരാര്‍; സി.എ.ജിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

single-img
11 June 2017

തിരുവന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി ഓഡിറ്റ് ജനറലിന് കത്തയച്ചു. സി.എ.ജി ശശികാന്ത് ശര്‍മ്മക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയതെന്നും കേന്ദ്ര പ്ലാനിംഗ് ബോര്‍ഡിന്റെ എല്ലാ നിര്‍ദേശവും പാലിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് വന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സി.എ.ജി സമീപിച്ച കണ്‍സള്‍ട്ടന്റ് നിരന്തരമായി വിഴിഞ്ഞം പദ്ധതിക്കെതിരെ ലേഖനങ്ങള്‍ എഴുതിയ ആളാണ് എന്നീ ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടി കത്തില്‍ മുഖ്യമായും ഉന്നയിക്കുന്നത്.

കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും പദ്ധതി നടത്തിപ്പുകാരായ ആദാനി ഗ്രൂപ്പിന് വന്‍ ലാഭം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്നുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഈ കണ്ടെത്തലുകള്‍ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി അക്കൗണ്ട് ജനറലിന് കത്തയച്ചിരിക്കുന്നത്. മെയ് മാസം 23ന് ആണ് സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.