മഥുരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു

single-img
11 June 2017

മഥുര: ഉത്തര്‍പ്രദേശില്‍ ഫത്തേപുര്‍ കനാലിലേക്കു കാര്‍ മറിഞ്ഞു പത്തു മരണം. മഥുര-ഭരത്പുര്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. മരിച്ച ഒമ്പതു പേരും ബന്ധുക്കളാണ്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.

രാജസ്ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂര്‍ ബാലാജി ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന കുടംബമാണ് അപകടത്തില്‍ പെട്ടത്. ബറേലി സുബാഷ് നഗറിലെ രാജീവ് കോളനി നിവാസികളായ മഹേഷ് ശര്‍മ, ദീപിക ശര്‍മ, പൂനം, ഹര്‍ദിക്, റിത്വിക്, റോഷന്‍, ഖുഷ്ബു, ഹിമന്‍ശു, സുരഭി എന്നിവരുടെ മൃതദേഹങ്ങളാണു ആദ്യം കിട്ടിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണു ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തത്.

കാര്‍ പൂര്‍ണമായും കനാലില്‍ മുങ്ങിയതാണു ദുരന്തതീവ്രത വര്‍ധിപ്പിച്ചതെന്നും ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ക്രയിനെത്തിയാണ് കാര്‍ കരക്കെടുത്തത്. റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ ക്ഷുഭിതരായ നാട്ടുകര്‍ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു.