പദവിയറിയില്ല, പക്ഷേ ജൂണ്‍ 17ന് തിരിച്ചെത്തുമെന്ന് ജേക്കബ് തോമസ്

single-img
11 June 2017

തിരുവനന്തപുരം: അവധിക്ക് ശേഷം ജൂണ്‍ 17ന് ജോലിയില്‍ തിരികെ വരുമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാറില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. പാറ്റൂര്‍ കേസിലെ 12 പക്ഷപാതിത്വങ്ങള്‍ പുസ്തകത്തില്‍ എഴുതിയിരുന്നു. പക്ഷെ ഇതു തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ കെടുകാര്യസ്ഥത ഇപ്പോഴും തുടരുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടര്‍ പദവിയിലിരിക്കെ അവധിയില്‍ പോയ ജേക്കബ് തോമസ് ആദ്യം ഒരു മാസത്തെ അവധിക്കാണ് അപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് അവധി നീട്ടുകയായിരുന്നു. കോടതിയില്‍നിന്നു തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണു സൂചന. ഈ മാസം 17 വരെയാണ് ജേക്കബ് തോമസിന്റെ അവധി.

നിലവില്‍ ലോകനാഥ് ബെഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍. ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയുമായി എത്തിയതോടെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറാക്കുകയായിരുന്നു.