പ്രഖ്യാപനങ്ങളുമായി ചൗഹാന്‍ നിരാഹാരം അവസാനിപ്പിച്ചു; കര്‍ഷകര്‍ തെരുവില്‍ തന്നെ

single-img
11 June 2017

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ 28 മണിക്കൂര്‍ നീണ്ട സമാധാന നിരാഹാരം അവസാനിപ്പിച്ചു. സംസ്ഥാനത്തെ സംഘാര്‍ഷവസ്ഥ ഇല്ലാതാകുന്നതുവരെ താന്‍ നിരാഹാര സമരം തുടരുമെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ ഇന്നലെ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് നിരാഹാര സമരം ഒരു ദിവസം പിന്നിടുന്നതിനു മുന്‍പ് ബിജെപി മുഖ്യമന്ത്രി അവസാനിപ്പിച്ചത്. കര്‍ഷകരുടെ പ്രതിഷേധം പലഭാഗത്തും ഇപ്പോഴും തുടരുകയാണ്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും കര്‍ഷക പ്രശ്‌നങ്ങളില്‍ ഉടന്‍ നടപടി എടുക്കാമെന്നും ഉറപ്പു നല്‍കിക്കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ അധ്വാനം വെറുതെയാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സര്‍ക്കാര്‍ വാങ്ങാമെന്നും അറിയിച്ചു. എന്നാല്‍ വായ്പ എഴുതി തള്ളുന്നതിനെ കുറിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ല. എഴുതി തള്ളുകയാണെങ്കില്‍ ആറു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന നടപടിയായിരിക്കുമത്. പലിശയില്ലാത്ത വായ്പ കര്‍ഷകര്‍ക്ക് നല്‍കുന്നതിനാല്‍ വായ്പ എഴുതി തള്ളാനാകില്ലെന്ന് നേരത്തെ കൃഷി മന്ത്രി അറിയിച്ചിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിയുതിര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ചൗഹാന്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.
നേരത്തെ, നിരാഹാരം അവസാനിപ്പിക്കാന്‍ ചൗഹാനോട് കര്‍ഷക കുടംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ ഗ്രാമം സന്ദര്‍ശിക്കാനും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്യും. സമാധാനം പുനഃസ്ഥാപിക്കപ്പെടുമെങ്കില്‍ അടുത്ത നടപടി തീരുമാനിക്കുമെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

കാര്‍ഷിക കടശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണം, കാര്‍ഷിക ഉത്പന്നങ്ങള്‍ ന്യായവില ലഭിക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ കര്‍ഷക സമരത്തിനു നേരെയുള്ള വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മധ്യപ്രദേശില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ പൊലീസ് കര്‍ഷകര്‍ക്കു നേരെ വെടിയുതിര്‍ത്തിട്ട് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന നിരാഹാര സമരം നാടകമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.