ബോള്‍ട്ടിനെ വെല്ലാന്‍ ബോള്‍ട്ട് മാത്രം; ജന്മനാട്ടിലെ വിടവാങ്ങല്‍ മത്സരത്തിലും ഓടിക്കയറിയത് ഒന്നാമനായി

single-img
11 June 2017

സ്വന്തം നാട്ടിലെ വിടവാങ്ങല്‍ മല്‍സരത്തിലും ഉസൈന്‍ ബോള്‍ട്ട് വേഗരാജാവ്. 100 മീറ്ററില്‍ ഒന്നാമത് എത്തിയാണ് വേഗതയില്‍, തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ബോള്‍ട്ട് ഒരിക്കല്‍ കൂടി തെളിയിച്ചത്. 10.3 സെക്കന്റിലാണ് ബോള്‍ട്ട് ഓട്ടം പൂര്‍ത്തിയാക്കിയത്‌. ഗാലറിയില്‍ നൃത്തം ചെയ്തു ആര്‍പ്പുവിളിച്ച 35,000 ആരാധകരുടെ നെഞ്ചിലേക്കു കൊള്ളിയാന്‍ വേഗത്തിലാണു ബോള്‍ട്ട് പാഞ്ഞുകയറിയത്.

15 വര്‍ഷം മുമ്പ് 200 മീറ്ററില്‍ ലോക ജൂനിയര്‍ കിരീടം നേടി ട്രാക്കില്‍ വരവറിയിച്ച ജമൈക്ക നാഷണല്‍ സ്റ്റേഡിയത്തിലെ അതേ വേദിയില്‍ തന്നെയാണ് ബോള്‍ട്ട് ജന്മനാട്ടിലെ തന്റെ അവസാന മത്സരവും പൂര്‍ത്തിയാക്കിയത്. മല്‍സരശേഷം അഞ്ചാം നമ്പര്‍ ട്രാക്കിനെ ചുംബിച്ച ബോള്‍ട്ട്, സ്വതസിദ്ധമായ മിന്നല്‍പോസില്‍നിന്നാണു വിജയം ആഘോഷിച്ചത്. കരിമരുന്നുപ്രയോഗം നടത്തി ജമൈക്ക ബോള്‍ട്ടിനെ വരവേറ്റു. ലണ്ടനില്‍ ഓഗസ്റ്റ് അഞ്ചുമുതല്‍ 13 വരെ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വിരമിക്കാനാണു ബോള്‍ട്ടിന്റെ തീരുമാനം.