ജാഗ്രതൈ! മഴ നനഞ്ഞ് ബൈക്കില്‍ പാഞ്ഞാല്‍ പോലീസ് പൊക്കും

single-img
11 June 2017

മഴയത്ത് ബൈക്കില്‍ സ്പീഡില്‍ പായുന്നവര്‍ സൂക്ഷിച്ചോളൂ. പോലീസ് നിങ്ങളെ പൊക്കും. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മഴ പെയ്യുമ്പോള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ നിര്‍ബന്ധമായും റെയിന്‍ കോട്ട് ധരിച്ച് വാഹനമോടിക്കണം. കോട്ട് ഇല്ലെങ്കില്‍ വാഹനം നിര്‍ത്തി മഴ മാറിയതിന് ശേഷം യാത്ര തുടരണമെന്നാണ് പോലീസിന്റെ നിര്‍ദേശം. മഴയില്‍ നിന്നു രക്ഷപ്പെടാനുള്ള പാച്ചിലിനിടെ ഇരുചക്രവാഹനക്കാര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് പോലീസ് പരിശോധന കര്‍ശനമാക്കുന്നത്.

മഴ കൊള്ളാതിരിക്കാന്‍ ഒരിക്കലും കുട നിവര്‍ത്തി ബൈക്കില്‍ സഞ്ചരിക്കരുതെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും പോലീസ് അറിയിച്ചു. കൂടാതെ മഴക്കാലത്ത് ഇരുചക്രവാഹനങ്ങളുടെ ബ്രേക്ക്, ടയര്‍ എന്നിവയുടെ കാര്യക്ഷമത പരിശോധിക്കണമെന്നും പോലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്.