കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തത് ചരക്കുകപ്പല്‍ ഗണത്തില്‍പ്പെട്ട കപ്പല്‍ ഭീമന്‍

single-img
11 June 2017

കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ‘ആംബര്‍ എല്‍’ എന്ന ചരക്കുകപ്പല്‍ ബള്‍ക്കര്‍ കാര്‍ഗോ ഷിപ്പ് ഗണത്തില്‍പ്പെട്ടത്.
പാനമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എല്‍ എന്ന കപ്പല്‍ 2000ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 185 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഭീമാകാരനായ കപ്പലിന് 48,282 ടണ്‍ ഭാരമുണ്ട്. എന്നാല്‍, കപ്പലിന്റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടണ്‍ ആണ്.

വലിയ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍, കല്‍ക്കരി, സിമന്റ്, അസംസ്‌കൃത വസ്തുക്കള്‍, എണ്ണ, പെട്രോള്‍, മറ്റ് ദ്രാവക രൂപത്തിലുള്ള വസ്തുക്കള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള ചരക്കു കപ്പലിനെയാണ് ‘ബള്‍ക്കര്‍ കാര്‍ഗോ ഷിപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്നത്. 14.3 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗതയുള്ള ‘ആംബര്‍ എല്‍’ ജൂണ്‍ ഒന്നിന് ചെങ്കടലില്‍ നിന്നാണ് കൊച്ചി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ജൂണ്‍ 11ന് പുലര്‍ച്ചെ രണ്ട് മണിക്ക് മത്സ്യബന്ധന ബോട്ടിലിടിക്കുകയായിരുന്നു, ഈ സമയം മുതല്‍ കപ്പല്‍ കൊച്ചി പുറംകടലില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലോകത്തിലെ കപ്പലുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഷിപ്പിങ് എക്‌സ്‌പ്ലോറര്‍ എന്ന വെബ് സൈറ്റിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) നമ്പര്‍ 9200354ല്‍ രജിസ്റ്റര്‍ ചെയ്ത ‘ആംബര്‍എല്‍’ന്റെ മാരിടൈം മൊബൈല്‍ സര്‍വീസ് ഐഡന്റിറ്റീസ് നമ്പര്‍ (എം.എം.എസ്.ഐ) 357782000 ആണ്. പാനമ കൊടിയാണ് കപ്പലില്‍ ഉയര്‍ത്തുന്നത്.