കേന്ദ്രത്തെ വിമര്‍ശിച്ച് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: മത്സ്യാവതാരത്തിലെത്തി, ഇനി കൂര്‍മവും വരാഹവും വരും

single-img
10 June 2017

തിരുവനന്തപുരം: രാജ്യത്താകമാനം ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തി. രാജ്യത്ത് കര്‍ഷക സമരം ശക്തമാകുന്നതിനിടെ ഇത്തരം നിയമങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നിലപാടുകള്‍ക്കെതിരെ ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.

‘മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്. ഇനി കൂര്‍മ്മം, വരാഹം എന്നിങ്ങനെ ഓരോന്നായി വന്നോളും. അതെല്ലാം തീര്‍ന്നിട്ടേ മാന്‍ഡ്‌സോറിലെ കര്‍ഷകരടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരികയുള്ളൂ. അച്ഛേ ദിന്‍ വരാന്‍ സമയമെടുക്കും.’ എന്നാണ് എം.എല്‍.എയുടെ പോസ്റ്റ്.

അലങ്കാര മത്സ്യത്തിന്റെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.