സൗദി അറേബ്യക്ക് ഐഎസിന്റെ ഭീഷണി; കരുതിയിരുന്നോളാന്‍ വീഡിയോ സന്ദേശം

single-img
10 June 2017

ദുബായ്: ടെഹ്‌റാനില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ സൗദി അറേബ്യയ്ക്കും ആക്രമണ ഭീഷണി ഉയര്‍ത്തി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന്‌ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ടെഹ്‌റാന്‍ ആക്രമണത്തിനു തൊട്ടുമുന്‍പാണ് മുഖംമൂടി ധരിച്ച അഞ്ച് ഐ.എസ് ഭീകരര്‍ നടത്തുന്ന ഭീഷണി സന്ദേശം വെബ്‌സൈറ്റില്‍ വന്നത്. ഇറാനിലെ ഷിയാ മുസ്ലീംകളെയും സൗദി അറേബ്യന്‍ സര്‍ക്കാരിനേയുമാണ് ഭീകരര്‍ ഭീഷണിപ്പെടുത്തുന്നത്. ‘നിങ്ങളുടെ ഊഴം വരും’ എന്ന് വീഡിയോയില്‍ പറയുന്നു.

‘അള്ളാഹു അനുവദിക്കുന്നു, ഇറാനിലെ ആദ്യ ജിഹാദ് ആയിരിക്കുമിത്, സഹോദരങ്ങളായ മുസ്ലീംകളോട് ഞങ്ങളെ അനുകൂലിക്കണമെന്ന് ആവശ്യപ്പെടുന്നു. കത്തിപ്പിടിച്ച തീ കെടുത്താന്‍ കഴിയില്ല. അള്ളാഹു അനുവദിച്ചിരിക്കുന്നു.” എന്ന് ഒരു ഭീകരര്‍ പറയുന്നുണ്ട്. തുടര്‍ന്ന് സൗദിക്കെതിരായ ഭീഷണിയാണ്. ‘ഇറാനു ശേഷം, നിങ്ങളുടെ ഊഴമാണെന്ന് അറിയുക. നിങ്ങളുടെ രാജ്യത്ത് കടന്ന് നിങ്ങള്‍ക്കെതിരെ ആക്രമണം നടത്തും. ഞങ്ങള്‍ ആരുടേയും ഏജന്റല്ല. ഞങ്ങള്‍ അള്ളാഹുവിനെയും അദ്ദേഹത്തിന്റെ ദൂതനെയും അനുസരിക്കുന്നു. മതത്തിന്റെ ക്ഷേമത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഇറാനോ അറേബ്യന്‍ ഉപദ്വീപിനോ വേണ്ടിയല്ലെന്നും’ വീഡിയോ സന്ദേശത്തില്‍ പറയുന്നു.