ഖത്തര്‍ പ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയെന്ന് വിദേശകാര്യമന്ത്രാലയം

single-img
10 June 2017

ദില്ലി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു ശേഷമുള്ള പ്രതിസന്ധിയില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രതിസന്ധി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഗര്‍ഫ് രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനുവാര്യമാണെന്നും പ്രസ്താവനില്‍ പറയുന്നു.

അതിനിടെ ഖത്തര്‍ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ ഇടപെടണം. തുര്‍ക്കിയും ഇറാനും എല്ലാം ഇതിനായി ശ്രമങ്ങള്‍ നടത്തണമെന്നും മെര്‍ക്കല്‍ പറഞ്ഞു. ജര്‍മനിക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍വഹിക്കാനാവില്ല. പക്ഷേ പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാകുമെന്നും മെര്‍ക്കല്‍ അറിയിച്ചു.