ചുവന്നുള്ളി അര്‍ബുദത്തെ തടയുമെന്ന് പഠനം

single-img
10 June 2017

ചുവന്നുള്ളി ഇത്രയും കാലം നമ്മെ കരയിച്ചിരുന്നെങ്കില്‍ ഇപ്പോളിതാ മാരക രോഗങ്ങളിലൊന്നായ അര്‍ബുദത്തെ പോലും തടയാനാകുമെന്നാണ് പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്. കാനഡയിലെ ഗുവേല്‍ഫ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചുവന്നുള്ളി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുമെന്ന് കണ്ടെത്തിയത്. ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഒരിനം ഫഌനോയ്ഡായ ക്യുവര്‍സൈറ്റിന്‍ കൂടാതെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നിറം നല്‍കുന്ന ആന്തോസയാനിന്‍ എന്നിവയ്ക്കും അര്‍ബുദ പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തിലൂടെ തെളിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗുയേല്‍ഫ് സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മോനെം മുരയ്യന്‍ പറഞ്ഞു. അഞ്ചിനം ഉള്ളിയായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്.

ഇതില്‍ കട്ടി കൂടി നീളം കൂടിയതും ഗോളാകൃതിയിലുള്ള കടും ചുവപ്പ് നിറത്തിലുള്ള ഉള്ളിയിലാണ് അര്‍ബുദം പ്രതിരോധിക്കാനുള്ള കഴിവു കൂടുതല്‍. വ്യത്യസ്ത ഉള്ളിയിനങ്ങളില്‍ നിന്ന് വേര്‍തിരിച്ച ക്യുവര്‍സെറ്റിന്‍ കുടലിലെ അര്‍ബുദ കോശങ്ങളുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയായിരുന്നു പഠനം. ഇതിലൂടെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും അര്‍ബുദ കോശങ്ങളെ കോശമരണത്തിലേക്ക് നയിക്കാനും ഉള്ളിക്ക് കഴിയുമെന്നു തെളിഞ്ഞു. സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും ഉള്ളി കൂടുതല്‍ ഫലപ്രദമാണെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ തെളിയിച്ചിരുന്നു. അര്‍ബുദം പ്രതിരോധിക്കാന്‍ പച്ചക്കറികള്‍ക്കുള്ള കഴിവ് മനുഷ്യരില്‍ പരീക്ഷിക്കുക എന്നതാണ് അടുത്ത പടിയെന്ന് ഗവേഷകനായ മുരയ്യന്‍ പറഞ്ഞു.

വരും നാളുകളില്‍ ബേക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളിലും പഴച്ചാറുകളിലും എല്ലാം ഉള്ളി സത്ത് ചേര്‍ക്കുമെന്നും ഗുളിക രൂപത്തില്‍ ഇത് പരീക്ഷിക്കുമെന്നുമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.