ഷിബുവിനെ പിന്തുണച്ച് മുരളീധരന്‍; യുഡിഎഫിനെ ക്ലിഫ്ഹൗസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചത് മദ്യനയം

single-img
10 June 2017

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചും മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ നിലപാടിനെ പിന്തുണച്ചും കെ. മുരളീധരന്‍ എം.എല്‍.എ. രംഗത്തെത്തി. യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലോയോ എന്ന കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും ഈ നയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ക്ലിഫ് ഹൗസിലിരുന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചത്. അതിന് ശേഷമാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് വരേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ നിലപാടിനോട് താന്‍ യോജിക്കുകയാണ്. പഴയതിനെ പറ്റി ഇനി ചര്‍ച്ച ചെയ്യേണ്ടെന്നും എല്‍.ഡി.എഫ് മദ്യ നയത്തിനെതിരെ ഇനി ഏത് തരത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

മദ്യനയത്തില്‍ യുഡിഎഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ വിശദമാക്കി. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലാണ് കെ.മുരളീധരന്‍ തങ്ങളുടെ സര്‍ക്കാരിന്റെ മദ്യ നയം പരാജയമായിരുന്നെന്ന് തുറന്ന് പറഞ്ഞത്. പുതിയ മദ്യ നയത്തില്‍ കാര്യമായ സമരം നടത്തണം. എന്നാല്‍ ആ സമരം മറ്റ് യു.ഡി.എഫ് സമരങ്ങളെ പോലെ രാമേശ്വരത്തെ ക്ഷൗരം പോലെ ആവരുത്. കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ല. അതുപോലെയാവരുത് മദ്യനയത്തിനെതിരെയുള്ള സമരമെന്നും മുരളീധരന്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂലൈ മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പിന്നാലെ എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍എസ്പി(ബി) നേതാവ് ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടത് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് വ്യക്തമാക്കിയ ഷിബു ബേബി ജോണ്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.