വീക്ഷണത്തിനെതിരെ ആഞ്ഞടിച്ച് മാണി; കേരള കോണ്‍ഗ്രസ് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല

single-img
10 June 2017

കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി പരിഹസിച്ചു. വീക്ഷണം ഞങ്ങളെ ഉപദേശിക്കേണ്ട. കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതി. താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു.

മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെന്നതില്‍ എന്തു ചതിയാണുള്ളതെന്നും മാണി ചോദിച്ചു. കോട്ടയം ജില്ലാപഞ്ചായത്തിലെ പരാജയം ഡിസിസി വിലകൊടുത്തു വാങ്ങിയതാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. പ്രാദേശികമായി സഹകരിച്ചു മുന്നോട്ടുപോകാമെന്ന് കോണ്‍ഗ്രസുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം കേരള രാഷ്ട്രീയത്തില്‍ അസ്തിത്വമുള്ള രാഷ്ട്രീയകക്ഷിയാണ്. തിരഞ്ഞെടുപ്പു വരുമ്പോള്‍ ഞങ്ങള്‍ക്കും കൂട്ടാളിയുണ്ടാകും. യുഡിഎഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനില്ല. ഞങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു.

‘മാണി എന്ന മാരണം’ എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് മുന്നണി വിട്ട കെ.എം. മാണിക്കെതിരെ ‘വീക്ഷണം’ വിമര്‍ശനമുയര്‍ത്തിയത്. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്, ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.