കേരളം വൃത്തിയില്ലാത്ത നാടോ? ഇന്ത്യയിലെ മികച്ച 250 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിന് സ്ഥാനമില്ല

single-img
10 June 2017

കൊച്ചി: ഏറ്റവും കൂടുതല്‍ വൃത്തിയുള്ളവര്‍ എന്ന് അഹങ്കരിക്കുന്നവരാണ് മലയാളികള്‍, അന്യസംസ്ഥാനക്കാരെ വൃത്തിയില്ലെന്നു പറഞ്ഞ് പുച്ഛിക്കുന്നവര്‍. എന്നാല്‍ ആ അഹങ്കാരമെല്ലാം ഇനി മാറ്റി വെക്കാം. രണ്ട് വര്‍ഷം മുമ്പുവരെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ മുന്നിലായിരുന്ന കേരളത്തിലെ നഗരങ്ങള്‍ ഇന്ന് പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രനഗരവികസന മന്ത്രാലയം നടത്തിയ സര്‍വ്വേയിലാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച 250 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു നഗരം പോലും ഇടം പിടിക്കാതെ പോയത്.

254ാം സ്ഥാനത്തായി കോഴിക്കോടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. കൊച്ചിക്ക് 271ാം സ്ഥാനമാണ്. തിരുവനന്തപുരത്തിനാകട്ടെ 372ാം സ്ഥാനവും. മധ്യപ്രദേശിലെ ഇന്‍ഡോറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തകിരിച്ചിറപ്പള്ളി, ന്യുഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍, നവിമുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

2015ല്‍ നഗര വികസന മന്ത്രാലയം നടത്തിയ വൃത്തി സര്‍വ്വേയില്‍, രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന് എട്ടാം സ്ഥാനവും ലഭിച്ചിരുന്നു. കേരളത്തില്‍ ശുചിത്വമുണ്ടെന്നാണ് സങ്കല്‍പ്പമെങ്കിലും ശുചിത്വമുള്ള നഗരങ്ങളില്‍ കേരള നഗരങ്ങള്‍ ഏറെ പിന്നിലാണെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തുറസ്സായ സ്ഥലത്തെ മലമൂത്രവിസര്‍ജനം, ഖരമാലിന്യ നിര്‍മാര്‍ജനം, ശുചിത്വ പരിശോധന, മാലിന്യസംസ്‌കരണം, മലിനജല സംസ്‌കരണം, കുടിവെള്ളത്തിന്റെ ഗുണനിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ അഭിപ്രായമാരാഞ്ഞാണ് സര്‍വേ നടത്തിയത്.

പൊതുവേ വൃത്തിയുള്ള സംസ്ഥാനമെന്ന ധാരണയാണ് കേരളത്തെക്കുറിച്ച് എല്ലാവര്‍ക്കും ഉള്ളത്. പക്ഷേ, ഈ വര്‍ഷത്തെ സര്‍വേഫലം അത് തിരുത്തുന്നതാണ്. തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം കേരളത്തിലെ നഗരങ്ങളില്‍ താരതമ്യേന കുറവാണ്. എന്നാല്‍, മൂത്രമൊഴിക്കാന്‍ ശൗചാലയത്തിന്റെ ആവശ്യമേയില്ലെന്ന ധാരണയില്‍ പൊതുസ്ഥലത്ത് കാര്യം സാധിക്കുകയാണ് ജനങ്ങള്‍. ആവശ്യത്തിന് ശൗചാലയങ്ങളുമില്ല. ഖരമാലിന്യ നിര്‍മാര്‍ജനം, മാലിന്യസംസ്‌കരണം എന്നിവയുടെ കാര്യത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ സ്ഥിതി പരിതാപകരമായിക്കൊണ്ടിരിക്കുന്നു.

നഗരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും റോഡരികുകളിലും മാലിന്യം കുന്നുകൂടുന്നു. ചില പോക്കറ്റുകള്‍ മാത്രമാണ് പതിവായി ശുചീകരിക്കുന്നത്. എല്ലായിടത്തും മാലിന്യനിര്‍മാര്‍ജന പ്ലാന്റുകളില്ലാത്തത് ഇപ്പോഴത്തെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി. ജലില്‍ പറഞ്ഞു. ‘വിളപ്പില്‍ശാല പോലുള്ള മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ടാകും. നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്തത് നമ്മുടെ പ്രശ്‌നം തന്നെയാണ്. പിന്നെ, പട്ടികയില്‍ മുന്നിലെത്തിയ പല വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ രണ്ടു മുഖമുള്ള നഗരങ്ങള്‍ കേരളത്തിലില്ല. അവിടെ നഗരത്തിന്റെ ഒരു ഭാഗം വൃത്തിയും വെടിപ്പുമായി സൂക്ഷിക്കും. പക്ഷേ, ആ നഗരത്തിന്റെ തന്നെ മറ്റൊരു ഭാഗം ഏറ്റവും വൃത്തിഹീനവും ജീര്‍ണിച്ചതുമാകും. എന്നാല്‍, കേരളത്തിലെ നഗരങ്ങള്‍ക്ക് എല്ലായിടത്തും ഒരു സ്വഭാവം തന്നെയാണെന്നും ജലീല്‍ കൂട്ടിചേര്‍ത്തു.