രോഹിത് വെമുലയുടേത് ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്; സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

single-img
10 June 2017

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. രോഹിത് വെമുല, കാഷ്മീര്‍, ജെഎന്‍യു എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നില്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിന്റെ ഉദാഹരമാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നും കമല്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിലനില്‍ക്കുന്ന അസഹിഷ്ണുതയെ തങ്ങളുടെ മാധ്യമത്തിലൂടെ ആവിഷ്‌കരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മോശം കാലമാണിത്. അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളിയാണ് ഇന്ന് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ കുറിച്ച് പ്രതിപാദിക്കുന്ന ബീയിംഗ് ഓഫ് ലൈറ്റ്‌നസ്, കശ്മീര്‍ വിഷയത്തെ കുറിച്ച് പറയുന്ന ഇന്‍ ദ ഫേഡ് ഓഫ് ഫോളന്‍ ചിനാര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് പറയുന്ന മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതില്‍രണ്ടെണ്ണം മത്സരവിഭാഗത്തിലും ഒരെണ്ണം ഫോക്കസ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്.

ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് അന്തര്‍ദേശീയ ഡോക്യുമെന്ററിഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്