ദളിതരെ അധിക്ഷേപിച്ച് സിപിഎം എംഎല്‍എ കെ.ബാബു, ‘ചക്കിലിയാര്‍ ക്ഷേത്രത്തിനകത്ത് കഴിയുന്നത് മദ്യപിക്കാന്‍’

single-img
10 June 2017

പാലക്കാട്: മുതലമട അംബേദ്ക്കര്‍ കോളനിയില്‍ ജാതി വിവേചനം നേരിടുന്ന ചക്ലിയ സമുദായത്തെ അധിക്ഷേപിച്ച് നെന്മാറ എം.എല്‍.എ കെ. ബാബു. ചക്ലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്നായിരുന്നു ബാബുവിന്റെ വിവാദ പരാമര്‍ശം. അംബേദ്ക്കര്‍ കോളനിയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ ആയിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.

ചക്ലിയ വിഭാഗത്തില്‍പ്പെട്ട ഒരു യുവതി ഈഴവ യുവാവിനെ വിവാഹം ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും അയിത്തവും ഊരുവിലക്കും കല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം കോളനിയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞുവരികയായിരുന്ന ഈ വിഭാഗത്തിനു നേരെ സി.പി.എം സംഘടിപ്പിച്ച യോഗത്തിലാണ് ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നതെന്ന പരാമര്‍ശം കെ.ബാബു എം.എല്‍.എ നടത്തിയത്.

അതേസമയം ഏതെങ്കിലും സമുദായത്തിന് നേരെയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും അംബേദ്ക്കര്‍ കോളനിയില്‍ അയിത്തമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരായിരുന്നുവെന്നുമായിരുന്നു കെ. ബാബുവിന്റെ പ്രതികരണം. സിപിഎം ജാതീയതക്കെതിരെ പോരാടിയ പ്രസ്ഥാനമാണെന്നും പാവപ്പെട്ട തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെ.ബാബു ആരോപിച്ചു.