വീക്ഷണം മുഖപ്രസംഗത്തെ തള്ളി എം.എം ഹസന്‍; അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെതല്ല

single-img
10 June 2017

തിരുവനന്തപുരം: മാണിക്കെതിരായ വീക്ഷണം മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. വീക്ഷണം മുഖപ്രസംഗത്തിലെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് വിടാന്‍ കേരള കോണ്‍ഗ്രസ് എം കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് യു.ഡി.എഫിനുള്ള അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്റെ പേരില്‍ മാത്രമാണ് അദ്ദേഹത്തോട് കെ.പി.സി.സി. ശക്തമായ അമര്‍ഷവും അതൃപ്തിയും പ്രകടിപ്പിച്ചതെന്നും ഹസ്സന്‍ വ്യക്തമാക്കി.

‘മാണി എന്ന മാരണം’ എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ വീക്ഷണം ആഞ്ഞടിച്ചത്. യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ കെഎം മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ് വ്യക്തമാക്കുന്നത്.

മാണി കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്. കെ എം മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ടകൈകളാണ്. കെഎം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ്. മാണിക്ക് വേണ്ടി യുഡിഎഫില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

കെ.എം.മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ട്. മാണിക്കും മകനും വേണ്ടിമാത്രമുള്ള ഒരു പാര്‍ട്ടിയെ ഏറെക്കാലും കോണ്‍ഗ്രസ് ചുമന്നതുകൊണ്ടാണ് അവര്‍ക്ക് രാഷ്ട്രീയ അസ്തിത്വമുണ്ടായത്.

മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയി നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം. മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാന്‍ കെ.എം.മാണി മടിക്കില്ല. ഒരു പ്രത്യയശാസ്ത്ര നിലപാടും അദ്ദേഹത്തിന് ഇല്ല.

കൂടുതല്‍ നല്‍കുന്നവന്റെ കൂടെ പോകുന്ന നിലപാടു മാത്രമാണ്. ഇദ്ദേഹത്തിനു മുന്നില്‍ കായംകുളം കൊച്ചുണ്ണി പോലും കൈകൂപ്പി ശിഷ്യപ്പെടേണ്ടി വരുമെന്നും വീക്ഷണം പരിഹസിക്കുന്നു. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.